National
ന്യൂഡൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ നവംബർ ഒന്നിന് രാംലീല മൈതാനത്ത് റാലി നടത്താൻ കോൺഗ്രസിന് ഡൽഹി പൊലിസ് അനുമതി നൽകി. ഇന്ത്യാ സഖ്യം നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായിട്ടാണ് രാംലീല മൈതാനത്ത് റാലി നടത്തുന്നത്. കഴിഞ്ഞ മാസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ച റാലിക്ക് അനുമതി ലഭിച്ചതോടെ പാർട്ടി പ്രവർത്തകർ ഒരുക്കങ്ങൾ ആരംഭിച്ചു.
ജന്തർ മന്തറിൽ പ്രതിഷേധങ്ങൾ നടത്തുന്നതിന് നിയന്ത്രണങ്ങളുള്ള സാഹചര്യത്തിൽ കേന്ദ്രം അനുവദിച്ച സമരവേദികളിലൊന്നാണ് രാംലീല മൈതാനം. റാലി നടത്തുന്നതിനായി കോൺഗ്രസ് ഡൽഹി പൊലിസിനെ സമീപിക്കുന്നതിന് മുമ്പ് അന്നേ ദിവസം മൈതാനത്ത് മറ്റ് പരിപാടികളൊന്നുമില്ലെന്ന് ഡൽഹി മുനിസിപ്പൽ കോർപറേഷനിൽനിന്ന് ഉറപ്പാക്കിയിരുന്നു. ഒക്ടോബർ 25 മുതൽ നവംബർ മൂന്ന് വരെ രാംലീല മൈതാനം ലഭ്യമാണെന്ന് എംസിഡി അറിയിച്ചിരുന്നു.
തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയ ശേഷമാണ് എൻഒസി അനുവദിച്ചതെന്ന് ഡെപ്യൂട്ടി പൊലിസ് കമ്മീഷണർ രോഹിത് രാജ്ബീർ സിംഗ് വ്യക്തമാക്കി. റാലി തടസമില്ലാതെ നടത്തുന്നതിനും ഗതാഗത നിയന്ത്രണം കാര്യക്ഷമമാക്കുന്നതിനുമായി സംഘാടകരുമായും ട്രാഫിക് പൊലിസുമായും ചേർന്ന് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് പൊലിസ് അറിയിച്ചു.
International
വത്തിക്കാൻ: ശസ്ത്രക്രിയയ്ക്കുശേഷം നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ലെയോ പതിനാലാമൻ മാർപാപ്പ ഇന്ന് ആശുപത്രി വിടും. ഞായറാഴ്ച പൊതുവേദിയിൽ പ്രാർഥനയ്ക്ക് മാർപാപ്പ നേതൃത്വം നൽകുമെന്ന് വത്തിക്കാൻ അറിയിച്ചു.
ശനിയാഴ്ച രാവിലെ നടത്തിയ ആരോഗ്യപരിശോധനയിൽ പോപ്പ് ആരോഗ്യവാനാണെന്ന് ഡോക്ടർമാർ വിലയിരുത്തിയിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് വത്തിക്കാൻ വക്താവും വ്യക്തമാക്കി. കുട്ടികൾ അയച്ച കത്തുകളും ചിത്രങ്ങളും അദ്ദേഹത്തിന് കൈമാറിയതായും അറിയിച്ചു.
ശസ്ത്രക്രിയയ്ക്കുശേഷം വ്യാഴാഴ്ച മുതൽ പോപ്പ് ഔദ്യോഗിക പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചിരുന്നു. റോമിലെ ജെമെല്ലി സർവകലാശാലാ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ശസ്ത്രക്രിയയ്ക്കുശേഷം ആശുപത്രിയിലെ താത്കാലിക ചാപ്പലിൽ കുർബാന അർപ്പിക്കുന്ന പോപ്പിന്റെ ചിത്രങ്ങൾ വത്തിക്കാൻ പുറത്തുവിട്ടിരുന്നു.
National
ന്യൂഡൽഹി: ഹൂതി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ 24 വരെ ഉണ്ടായിരിക്കില്ലെന്ന് വിമാനക്കമ്പനികൾ അറിയിച്ചു.
ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് താൽക്കാലികമായി റദ്ദാക്കിയത്. ഇൻഡിഗോ, ആകാശ എയർലൈൻസ് എന്നിവയും സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
Sports
മുംബൈ: മഹേള ജയവർധന മുംബൈ ഇന്ത്യൻസിന്റെ മുഖ്യപരിശീലക സ്ഥാനം ഒഴിഞ്ഞു. ശനിയാഴ്ചയാണ് ഫ്രാഞ്ചൈസി ഔദ്യോഗിക പത്രക്കുറിപ്പിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. രോഹിത് ശർമയുടെ നായകത്വത്തിൽ 2017, 2019, 2020 വർഷങ്ങളിൽ മുംബൈ ഇന്ത്യൻസിനെ ഐപിഎൽ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച പരിശീലകനാണ് ജയവർധനെ.
ടീമിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകരിലൊരാളായാണ് അദ്ദേഹം വിലയിരുത്തപ്പെടുന്നത്. മുഖ്യപരിശീലകൻ എന്ന നിലയിൽ മാത്രം ഒതുങ്ങാതെ അച്ചടക്കവും ഒത്തൊരുമയും ലക്ഷ്യമിടുന്ന മികച്ച ടീം സംസ്കാരം വളർത്തിയെടുക്കുന്നതിൽ ജയവർധന പ്രധാന പങ്കുവഹിച്ചെന്ന് മുംബൈ ഇന്ത്യൻസ് സമൂഹമാധ്യമങ്ങളിലെ കുറിപ്പിൽ വ്യക്തമാക്കി.
2017 മുതൽ 2022 വരെയും പിന്നീട് 2024 മുതൽ 2026 വരെയുമാണ് ജയവർധനെ മുംബൈ ഇന്ത്യൻസിന്റെ മുഖ്യപരിശീലകനായി പ്രവർത്തിച്ചത്. ടീമിനായി ദീർഘകാലം നൽകിയ സംഭാവനകൾക്കും നിശ്ചയദാർഢ്യത്തിനും മുംബൈ ഇന്ത്യൻസ് ഉടമ നിത അംബാനി നന്ദി അറിയിച്ചു.
Kerala
പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ദർശനത്തിനായി നിരവധി ഭക്തരാണ് സന്നിധാനത്ത് എത്തിയിരിക്കുന്നത്. പമ്പയിൽ നടന്ന അവലോകനയോഗത്തിനുശേഷം മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി കെ.മുരളീധരനും സന്നിധാനത്തെത്തി. ഉച്ചകഴിഞ്ഞ് മൂന്നോടെ പമ്പയിൽനിന്ന് സന്നിധാനത്തേക്ക് യാത്ര തിരിച്ച മുഖ്യമന്ത്രി വൈകുന്നേരം അഞ്ചിന് ശബരിമലയിലെത്തി.
കാൽനടയായി മുഴുവൻ കാനനപാതയും പിന്നിട്ടാണ് മുഖ്യമന്ത്രി സന്നിധാനത്തെത്തിയത്. ഇരുമുടിക്കെട്ട് ഇല്ലാതെയാണ് എത്തിയതെന്നതിനാൽ പതിനെട്ടാംപടി ചവിട്ടിയല്ല ദർശനം നടത്തിയത്. ദർശനത്തിനുശേഷം മുഖ്യമന്ത്രി ഇന്ന് തന്നെ മടങ്ങുമെന്നാണ് സൂചന. അതേസമയം ശബരിമലയിലെയും മാളികപ്പുറത്തെയും അടുത്ത ഒരു വർഷത്തേക്കുള്ള മേൽശാന്തിമാരുടെ തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും.
രാവിലെ സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിലൂടെയാണ് മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നത്. ശബരിമലയിലെ മേൽശാന്തിയെ ദേവനന്ദനും മാളികപ്പുറത്തെ മേൽശാന്തിയെ അനശ്വരയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സംഘടിപ്പിച്ച തിരംഗ യാത്രയിൽ പങ്കെടുക്കാനിരിക്കെ കസ്റ്റഡിയിലായ അഭിജീത് ദീപ്കെയ്ക്ക് ജാമ്യം. ഒരു വർഷത്തേക്ക് പൊതു സമാധാനത്തെ ബാധിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന വ്യവസ്ഥയുള്ള പീസ് ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിന് ശേഷമാണ് ദീപ്കെയ്ക്ക് ജാമ്യം ലഭിച്ചത്.
കൊണാട്ട് പ്ലേസ് സെൻട്രൽ പാർക്കിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാനിരിക്കെ ജണ്ടേവാലയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ദീപ്കെയെ പൊലിസ് കസ്റ്റഡിയിലെടുത്തത്. നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരംഗ മാർച്ചിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് പൊലിസ് നേരത്തേ ദീപ്കെയ്ക്ക് നോട്ടീസ് നൽകിയിരുന്നു.
കഴിഞ്ഞ പത്തിന് ജന്തർ മന്തറിലെ മാർച്ചിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ ദീപ്കെയെയും സിജെപി നേതാക്കളായ സൗരവ് ദാസ്, അഷുതോഷ് റാങ്ക എന്നിവരെയും വിമാനത്തിൽവെച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അന്നത്തെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല. അന്ന് ദീപ്കെ ഉൾപ്പെടെയുള്ളവർക്ക് കോടതി കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
ഇതിന് പിന്നാലെയാണ് വീണ്ടും കസ്റ്റഡിയിലായത്. അതേസമയം ദീപ്കെയ്ക്കൊപ്പം കസ്റ്റഡിയിലെടുത്ത ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് നേഹ ബോറയെ പൊലിസ് വിട്ടയച്ചിരുന്നു.
National
ന്യൂഡല്ഹി: ഇന്റര്നെറ്റ് ലഭ്യത കുട്ടകളുള്പ്പെടുള്ളവരുടെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി. കുട്ടികളുടെ ഇന്റര്നെറ്റ് ഉപയോഗം തടയാനാകില്ലെന്ന് പറഞ്ഞ സുപ്രീംകോടതി പ്രായഭേദമന്യേ ഇന്റര്നെറ്റ് ലഭ്യമാക്കണമെന്നും അറിയിച്ചു.
പ്രായം മുന്നിര്ത്തി ഇന്റര്നെറ്റ് ലഭ്യമാക്കാതിരിക്കാനാവില്ല. ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടത്. നിയന്ത്രിക്കേണ്ടത് ഇന്റര്നെറ്റ് അല്ലെന്നും കോടതി പറഞ്ഞു. പ്രായപരിധി പരിശോധിക്കുന്നതിന് വ്യക്തിഗത വിവരങ്ങള് ശേഖരിക്കാനാവില്ലെന്നും അത് സ്വകാര്യതാ ലംഘനമാകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
2024 ലെ കേന്ദ്രസര്ക്കാര് മാര്ഗനിര്ദേശങ്ങള് ചോദ്യം ചെയ്ത് നടത്തിയ ഹര്ജിയിലാണ് സുപ്രീംകോടതിയുടെ വിധിന്യായം. ജസ്റ്റിസുമാരായ ജെ.ബി. പര്ദി വാല, കെ. വിനോദ് ചന്ദ്രന് എന്നിവരാണ് ഹർജിയിൽ വിധി പറഞ്ഞത്.
പൂര്ണമായ നിരോധനത്തിനു പകരം മാതാപിതാക്കളുടെ മേല്നോട്ടവും അനുബന്ധ സംവിധാനങ്ങളുമാണ് വേണ്ടത്. മാത്രമല്ല കുട്ടികള്ക്കായി പ്രത്യേക ചൈല്ഡ് മോഡ് സംവിധാനവും ഏര്പ്പെടുത്താമെന്നും കോടതി നിരീക്ഷിച്ചു.
Kerala
ന്യൂഡൽഹി: ബിഹാറിൽ വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറന്ന് ജെഡിയു എംഎൽഎയുടെ വെളിപ്പെടുത്തൽ. ബിഹാർ മുൻമുഖ്യമന്ത്രി നിതീഷ് കുമാറിന് വേണ്ടി താൻ ഒമ്പത് പേരെ കൊലപ്പെടുത്തിയെന്നാണ് അനന്ത്കുമാർ സിംഗിന്റെ വെളിപ്പെടുത്തൽ.
നിയമനിർമാണ കൗൺസിൽ തെരഞ്ഞെടുപ്പിൽ തന്റെ എതിരാളി നീരജ്കുമാറിനെ പാർട്ടി സ്ഥാനാർഥിയാക്കിയതിന് പിന്നാലെയാണ് അനന്ത്കുമാർ സിംഗ് വൻ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. എന്നാൽ അനന്ത്കുമാറിന്റെ പ്രസ്താവനയെ ജെഡിയു തള്ളി.
താനും നിതീഷ്കുമാറും തമ്മിലുള്ള ബന്ധത്തിന് നീണ്ടകാലത്തെ പഴക്കമുണ്ട്. അദ്ദേഹത്തെ സഹായിക്കാനായി താൻ ഒമ്പത് പേരെ കൊലപ്പെടുത്തി. അദ്ദേഹം രാഷ്ട്രീയത്തിൽ വേരൂന്നാൻ ബുദ്ധിമുട്ടിയിരുന്ന കാലത്തും താൻ അദ്ദേഹത്തോടൊപ്പമുണ്ടെന്നായിരുന്നു അനന്ത്കുമാറിന്റെ വിവാദ പ്രസ്താവന.
സംഭവത്തിന് പിന്നാലെ ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദൾ നിതീഷ് കുമാറിനും അനന്ത്കുമാർ സിംഗിനുമെതിരെ രംഗത്തെത്തിയിട്ടുണ്ട്. ബിഹാറിലുടനീളമുള്ള കുപ്രസിദ്ധ ക്രിമിനൽ സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചുകൊണ്ടാണ് നിതീഷ്കുമാർ അധികാരം കെട്ടിപ്പടുത്തതെന്ന് ആർജെഡി ആരോപിച്ചു.
National
ലക്നോ: ഗ്രേറ്റർ നോയിഡയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മഹേഷ് (37), ലളിത (35), ലഡ്ഡു (11), മിഷ്തി (7), സാക്ഷത് (3) എന്നിവരെയാണ് ശനിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുടുംബത്തെ മരിച്ച നിലയിൽ കണ്ടതായി റബുപുര പൊലിസ് സ്റ്റേഷനിൽ ഇന്ന് രാവിലെ വിവരം ലഭിച്ചു. ഇതേതുടർന്ന് പൊലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. കഴിഞ്ഞ ദിവസം രാത്രി കുടുംബം നൂഡിൽസ് തയാറാക്കി കഴിച്ചതായി മഹേഷിന്റെ മാതാവ് മൊഴി നൽകിയിട്ടുണ്ട്.
എന്നാൽ ഭക്ഷ്യവിഷബാധയാണോ മരണകാരണം എന്ന് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു. സ്ഥലത്ത് ഫൊറൻസിക് സംഘമെത്തി ശാസ്ത്രീയ പരിശോധനയും നടത്തി.
Kerala
കൊച്ചി: നെടുമ്പാശേരിയില് മൂന്നു പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസില് പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. ഒന്നാം പ്രതി സുഹൈല്, സുഹൈലിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ നിനവ്, ജോയല്, അമീര് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യ ചുമത്തുന്ന 105-ാം വകുപ്പ് നിലനില്ക്കില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സുഹൈല് അമിത വേഗത്തിൽ അല്ല വാഹനം ഓടിച്ചിരുന്നതെന്നായിരുന്നു പ്രതിഭാഗത്തിന്റെ ഒരു വാദം. മരിച്ച മൂന്നു പേരും ഹെല്മെറ്റ് ധരിച്ചിരുന്നില്ല, തെറ്റായ ദിശയില് ആയിരുന്നു വണ്ടി ഓടിച്ചിരുന്നത് എന്നും പ്രതിഭാഗം വാദിച്ചു.
മദ്യപിച്ച് വാഹനം ഓടിക്കാന് പാടില്ലെന്ന് അറിയാവുന്ന ആളാണ് പ്രതി, എന്നിട്ടും അതു ചെയ്തു. അതിനാൽ ജാമ്യം അനുവദിക്കരുതെന്നു പ്രോസിക്യൂഷനും വാദിച്ചു. പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം തള്ളിയത്.
അപകടസമയത്തു സുഹൈലിന്റെ ശരീരത്തില് അനുവദനീയമായതിലും അഞ്ചിരട്ടിയിലധികം മദ്യം ഉണ്ടായിരുന്നതായി രക്തസാമ്പിള് പരിശോധനയില് സ്ഥിരീകരിച്ചു. അനുവദനീയമായ മദ്യത്തിന്റെ അളവ് 30 എംജി ആയിരിക്കെ സുഹൈലിന്റെ രക്തത്തില് 150 എംജി മദ്യത്തിന്റെ സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തിയത്.
അപകട ദിവസം ഉച്ചമുതല് പിറ്റേന്ന് വരെ മൂന്നു ബാറുകളില് കയറി പ്രതി മദ്യപിച്ചിരുന്നു. മദ്യപിച്ച് വാഹനമോടിച്ച പ്രതിയുടെ ലൈസന്സ് സസ്പെന്ഡ് ചെയ്യാനുള്ള നടപടികള് ആരംഭിച്ചിട്ടുണ്ട്. കേസില് സുഹൈലിന്റെ മാതാപിതാക്കളുടെ മൊഴിയും എടുക്കും. സുഹൈലിന്റെ പേരില് മറ്റ് വാഹനാപകട കേസുകള് രജിസ്റ്റര് ചെയ്തിട്ടുണ്ടോ എന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെത്തി സമൻസ് ചുമരിൽ പതിപ്പിച്ച ഇഡി നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം. സംഭവമറിഞ്ഞ് പിണറായിയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള സ്വകാര്യ വസതിയിലെത്തിയ ശിവൻകുട്ടി, ഇഡി നോട്ടീസ് പതിപ്പിച്ചത് പ്രതിഷേധാർഹമാണെന്ന് പറഞ്ഞു.
പിണറായിയോ മകളോ ഭാര്യയോ വീട്ടിലില്ലാത്ത സമയത്താണ് ഇഡി ഇങ്ങനെ ചെയ്തത്. പിടികിട്ടാപ്പുള്ളിയോടെന്ന പോലെയാണ് ഇഡിയുടെ നീക്കങ്ങളെന്നും ശിവൻകുട്ടി വിമർശിച്ചു. സുപ്രീം കോടതിയിലുള്ള ഹർജി പോലും ഇഡി പരിഗണിച്ചില്ലെന്നും തെറ്റായ സമീപനമാണ് ഇതെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെയാണ് പിണറായിയുടെ വീട്ടിലെ ചുമരിൽ ഇഡി ഉദ്യോഗസ്ഥർ സമൻസ് പതിപ്പിച്ചത്. വരുന്ന വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് സമൻസിലെ നിർദേശം.
Kerala
കാസർഗോഡ്: സിപിഎം നേതാവ് എം. രാഘവൻ പാർട്ടിയിൽനിന്ന് രാജിവച്ചു. പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചതായി കാസർഗോഡ് ജില്ലാ കമ്മിറ്റിക്ക് കത്ത് നൽകി.
ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിൽ രാഘവന് അതൃപ്തിയുണ്ടായിരുന്നെന്നാണ് വിവരം. കാസർഗോഡ് ജില്ലാ കമ്മിറ്റിയിൽ ആറുപേരെ സ്ഥിരം ക്ഷണിതാക്കളാക്കാൻ വിപുലീകൃത ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു.
താരതമ്യേന ജൂനിയറായവരെ പരിഗണിച്ചപ്പോൾ മുതിർന്ന നേതാവായ രാഘവനെ തഴഞ്ഞുവെന്നാണ് പരാതി. വിപുലീകൃത ജില്ലാ കമ്മിറ്റി സമാപിച്ചതിന് പിന്നാലെയാണ് രാജി.
നേതൃത്വം അവഗണിച്ചെന്ന് രാജിക്കത്തിൽ കത്തിൽ പറയുന്നുണ്ട്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രി ആയിരുന്നപ്പോൾ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു രാഘവൻ.
Kerala
കോഴിക്കോട്: വളരെ നാളത്തെ നിരീക്ഷണത്തിനൊടുവില് എംഡിഎംഎ വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയെ പൊക്കി പൊലിസ്. 2.341 ഗ്രാം എംഡിഎംഎയുമായി ഈങ്ങാപ്പുഴ സ്വദേശി പുല്ക്കുഴിയില് സനൂബി(34)നെയാണ് ഇന്ന് രാവിലെ താമരശേരി പൊലിസ് വലയിലാക്കിയത്.
മുമ്പ് താമരശേരിയില് പിടികൂടിയ മയക്കുമരുന്ന് കേസിലെ പ്രതികള്ക്ക് എംഡിഎംഎ എത്തിച്ചു നല്കിയത് സനൂബ് ആണെന്ന വിവരം പൊലിസിന് ലഭിച്ചിരുന്നു, ഇതേ തുടര്ന്ന് ഇയാളെ നിരീക്ഷിച്ചു വരുകയായിരുന്നു. പൊലിസ് തന്നെ നിരീക്ഷിക്കുന്നുവെന്നറിഞ്ഞ് സനൂബ് മലപ്പുറം പെരിന്തല്മണ്ണയിലേക്ക് മാറ്റിയിരുന്നു.
ഇന്നു പുലര്ച്ചെ പെരിന്തല്മണ്ണയില് നിന്നും ഈങ്ങാപ്പുഴയിലേക്ക് വരുന്നതിനിടെയാണ് സനൂബിനെ പൊലിസ് പൊക്കിയത്. കാറിനകത്താണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. കാറും പൊലിസ് കസ്റ്റഡിയിലെടുത്തു.
Kerala
വടകര: ബിരുദ വിദ്യാര്ഥിനിയെ വെട്ടിക്കൊലപ്പെടുത്താന് ശ്രമിച്ച കേസില് പ്രതിക്ക് എട്ട് വര്ഷം കഠിന തടവും എഴുപതിനായിരം രൂപ പിഴയും ശിക്ഷ. കക്കട്ടില് മൊകേരി മുറുവശ്ശേരി എച്ചി തറേമ്മല് റഫ്നാസിനെയാണ് (26) വടകര അസിസ്റ്റന്റ് സെഷന്സ് കോടതി ജഡ്ജ് ജോജി തോമസ് ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില് മൂന്നു മാസം കൂടി കഠിന തടവ് അനുഭവിക്കണം. പിഴ തുകയില് നിന്ന് അന്പതിനായിരം രൂപ അന്യായക്കാരിക്ക് നല്കാനും കോടതി ഉത്തരവിട്ടു. ഐപിസി 326 വകുപ്പ് പ്രകാരം മൂന്നു വര്ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ഐപിസി 307 വകുപ്പ് പ്രകാരം അഞ്ചു വര്ഷം കഠിന തടവും അന്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാല് മതി എന്നതിനാല് അഞ്ചു വര്ഷം മാത്രമേ കഠിന തടവ് അനുഭവിക്കേണ്ടതുള്ളൂ.
2022 ജൂണ് ഒൻപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോളജില് നിന്നു വീട്ടിലേക്ക് പോകുകയായിരുന്ന 18കാരിയെ നാദാപുരം പേരോട് മരമില്ലിന് സമീപത്തുവച്ച് പ്രതി കൈയില് കരുതിയ കൊടുവാള് ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന് ശ്രമിച്ച കേസിലാണ് ശിക്ഷ.
2022 സെപ്റ്റംബറില് കുറ്റപത്രം സമര്പ്പിച്ച കേസില് 78 സാക്ഷികളെ വിസ്തരിച്ചു. അന്നത്തെ നാദാപുരം ഇന്സ്പെക്ടര് ഫായിസ് അലിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര് കെ.കെ.ഷീജ ഹാജരായി.
Kerala
വടകര: വീടുകള് കുത്തിത്തുറന്ന് പണവും സ്വര്ണാഭരണങ്ങളും കവരുന്ന കുപ്രസിദ്ധ മോഷ്ടാവ് വടകര പൊലിസ് പിടിയില്. പയ്യോളി കോട്ടക്കല് സ്വദേശി ഫിറോസിനെയാണ് (48) തമിഴ്നാട്ടിലെ തേനിയില് നിന്ന് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ മാസം വടകര പുതുപ്പണത്ത് വീട്ടില് ഉറങ്ങിക്കിടന്ന വയോധികയുടെ അഞ്ചുപവനോളം വരുന്ന സ്വര്ണമാല വീട് കുത്തിത്തുറന്ന് മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാള്. ഇതിനു തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലും ഇയാള് മോഷണശ്രമം നടത്തിയിരുന്നു.
കൂടാതെ മാസങ്ങള്ക്കു മുമ്പ് കീഴല് പണിക്കോട്ടിയില് അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്ച്ച നടത്തിയ സംഭവത്തിലും ഇയാള്ക്ക് പങ്കുണ്ടെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. മോഷ്ടിക്കുന്ന സ്വര്ണാഭരണങ്ങള് വില്പന നടത്തി പണം കൊണ്ട് സുഖജീവിതവും ആര്ഭാടവും നയിക്കുകയാണ് ഇയാളുടെ രീതി.
മോഷ്ടിച്ച പണം തീരുന്ന മുറയ്ക്ക് വീണ്ടും തിരിച്ചെത്തി അടുത്ത വീടുകള് ലക്ഷ്യമിട്ട് മോഷണം നടത്തുന്നത് ഇയാളുടെ പതിവ് തന്ത്രമാണ്. വടകരയിലും പരിസരങ്ങളിലും നിരവധി മോഷണക്കേസുകളില് പ്രതിയായ ഇയാളെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് വടകര പൊലിസ് സംഘം തേനിയിലെത്തിയാണ് പിടികൂടിയത്.
Kerala
കൊച്ചി: ഗൂഗിള് പേയുടെ വ്യാജ സ്ക്രീന് ഷോട്ട് കാണിച്ച് പണം തട്ടിയ യുവാവ് അറസ്റ്റില്. പെരുമ്പാവൂര് സ്വദേശി ആസിഫ് കെ. ഹസന് ആണ് മൂവാറ്റുപുഴ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച മൂവാറ്റുപുഴയിലെ എടിഎമ്മില് പണം നിക്ഷേപിക്കാനായി എത്തിയ ആളില് നിന്നാണ് വ്യാജ സ്ക്രീന് ഷോട്ട് കാണിച്ച് 10,000 രൂപ തട്ടിയെടുത്തത്. പണം നിക്ഷേപിക്കാന് വരുന്നവരോട് തനിക്ക് എടിഎമ്മില് നിന്നും പണം എടുക്കാന് സാധിക്കുന്നില്ലെന്ന് പറയുകയാണ് പ്രതി ചെയ്തിരുന്നത്.
തുടര്ന്ന് പണം ഗൂഗിള് പേ വഴി ട്രാന്സ്ഫര് ചെയ്ത് തരാമെന്ന് പറഞ്ഞ് വ്യാജ സ്ക്രീന് ഷോട്ട് കാണിച്ച് തട്ടിപ്പ് നടത്തുകയുമാണ് പ്രതി ചെയ്തിരുന്നത്. സമാന രീതിയില് തട്ടിപ്പിന് മുമ്പ് ജയിലിലായിരുന്ന പ്രതി വേറെയും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന കാര്യം പൊലിസ് അന്വേഷിച്ചു വരികയാണ്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംക്ഷനിലെ ഔദ്യോഗിക വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ റെയ്ഡും നോട്ടീസ് നൽകലും. സിഎംആർഎൽ വിവാദവുമായി ബന്ധപ്പെട്ട പുതിയ കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ സമൻസ് നൽകാനാണ് ഉദ്യോഗസ്ഥർ എത്തിയത്. എന്നാൽ ഉദ്യോഗസ്ഥർ എത്തിയപ്പോൾ പിണറായി വിജയൻ വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് സമൻസ് വീടിന്റെ ഭിത്തിയിൽ പതിച്ച ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.
വെള്ളിയാഴ്ച രാവിലെ 11 ന് കൊച്ചിയിലെ ഇഡി ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് സമൻസിലുള്ള നിർദേശം. സിഎംആർഎലുമായി ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്തത പുതിയ ഇസിഐആർ പ്രകാരമാണ് മുൻ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നത്. സിഎംആർഎൽ-എക്സാലോജിക് ഇടപാടിലും ഹവാല ഇടപാട് ആരോപണത്തിലും രണ്ട് ഇസിഐആറുകളാണ് ഇഡി രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് റജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണിത്.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ തന്റെ പദവി ദുരുപയോഗം ചെയ്ത്, തനിക്കും മകൾക്കും എക്സാലോജിക് കമ്പനിക്കുമടക്കം അനധികൃതമായി 3.28 കോടി രൂപയുടെ സാമ്പത്തിക നേട്ടമുണ്ടാക്കി നൽകിയെന്നാണ് പ്രധാന ആരോപണം. പി.എ. മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ കോടിക്കണക്കിന് രൂപയുടെ നിയമവിരുദ്ധ സമ്പാദ്യമുണ്ടാക്കിയെന്നും ഇത് ഭാര്യ വീണ വിജയൻ അടക്കമുള്ളവരുമായി ചേർന്ന് ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്നും ആരോപിച്ചാണ് രണ്ടാമത്തെ കേസ്.
കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിക്ക് നേരിട്ട് സമൻസ് കൈമാറാനാണ് അന്വേഷണ സംഘം എത്തിയതെങ്കിലും വീട്ടിൽ ആരും ഇല്ലാത്തതിനെത്തുടർന്ന് ചട്ടപ്രകാരം സമൻസ് വീടിന്റെ ഭിത്തിയിൽ പതിക്കുകയായിരുന്നു. വെള്ളിയാഴ്ച കൊച്ചി ഓഫീസിൽ നടക്കുന്ന ചോദ്യംചെയ്യൽ രാഷ്ട്രീയ കേരളത്തിൽ വലിയ കോലാഹലങ്ങൾക്ക് ഇടയാക്കുമെന്നാണ് സൂചന.
സിഎംആർഎലുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്തത പുതിയ ഇസിഐആർ പ്രകാരമാണ് മുൻ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നത്. സിഎംആർഎൽ-എക്സാലോജിക് ഇടപാടിലും ഹവാല ഇടപാട് ആരോപണത്തിലും രണ്ട് ഇസിഐആറുകളാണ് ഇഡി രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് റജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണിത്.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്വാര ജില്ലയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി. കെറാൻ സെക്ടറിലെ ജുംഗുണ്ട് വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. നിയന്ത്രണരേഖയിലൂടെ സംശയാസ്പദമായ രീതിയിൽ കുറച്ചുപേർ അതിർത്തി കടക്കാൻ ശ്രമിക്കുന്നത് സൈനികരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് സൈന്യം ഭീകരർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
പ്രദേശത്ത് നുഴഞ്ഞുകയറ്റക്കാർ ഒളിച്ചിരിപ്പുണ്ടോയെന്ന് കണ്ടെത്താൻ സൈന്യവും സുരക്ഷാ സേനയും ചേർന്ന് വ്യാപകമായ തെരച്ചിൽ നടത്തിവരികയാണ്.
Kerala
ന്യൂഡല്ഹി: കുട്ടികളുടെ ഇന്റര്നെറ്റ് ഉപയോഗം തടയാനാകില്ലെന്ന് സുപ്രീം കോടതി. ഇന്റര്നെറ്റ് ലഭ്യത കുട്ടകളുള്പ്പെടുള്ളവരുടെ മൗലികാവകാശമാണെന്നും പ്രായഭേദമന്യേ ഇന്റര്നെറ്റ് ലഭ്യമാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പ്രായം മുന്നിര്ത്തി ഇന്റര്നെറ്റ് ലഭ്യമാക്കാതിരിക്കാനാവില്ല. ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടത്, നിയന്ത്രിക്കേണ്ടത് ഇന്റര്നെറ്റ് അല്ലെന്നും കോടതി പറഞ്ഞു. പ്രായപരിധി പരിശോധിക്കുന്നതിന് വ്യക്തിഗത വിവരങ്ങള് ശേഖരിക്കാനാവില്ലെന്നും അത് സ്വകാര്യതാ ലംഘനമാകുമെന്നും വിധിയിലുണ്ട്.
2024 ലെ കേന്ദ്രസര്ക്കാര് മാര്ഗനിര്ദേശങ്ങള് ചോദ്യം ചെയ്ത് നടത്തിയ ഹര്ജിയിലാണ് ജസ്റ്റീസുമാരായ ജെ.ബി. പര്ദി വാല, കെ. വിനോദ് ചന്ദ്രന് എന്നിവരുടെ സുപ്രധാന വിധിന്യായം. നിയമം മൂലം ഇന്റര്നെറ്റ് നിരോധിച്ചാലും കുട്ടികള് നിയമം മൂലം സുരക്ഷിതമല്ലാത്ത മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് മാറും. ഇത് കൂടുതല് അപകടകരമായ സാഹചര്യമുണ്ടാക്കും.
ഇന്റര്നെറ്റ് ഉപയോഗിച്ചതിന് മാതാപിതാക്കള് ശിക്ഷിക്കുമെന്ന ഭയം കാരണം ഓണ്ലൈന് ചൂഷണങ്ങള്ക്ക് ഇരയാകാനുള്ള സാധ്യതയുമുണ്ട്. ഇത് പോക്സോ കേസിന്റെ ലക്ഷ്യത്തെ തന്നെ ബാധിക്കുമെന്ന് സുപ്രീകോടതി ചൂണ്ടിക്കാട്ടി.
National
കോട്ട: ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർ മരിച്ചു. രാജസ്ഥാനിലെ കോട്ടയിൽ ശനിയാഴ്ച പുലർച്ചെ ആറിനായിരുന്നു അപകടം നടന്നത്.
മധ്യപ്രദേശിലെ ഭോപ്പാലിൽനിന്ന് രാജസ്ഥാനിലെ ഖാതു ശ്യാം ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മുതിർന്ന പൗരന്മാരും കുട്ടികളും ഉൾപ്പെടെ 25 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
എക്സ്പ്രസ് വേയിലെ ഫില്ലർ നമ്പർ 384-ന് സമീപത്തുവച്ച് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ബസ് റോഡിൽ നിന്ന് മാറി 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിയുകയുമായിരുന്നു.
ഓടയിൽ വെള്ളവും ചെളിയും കെട്ടിക്കിടന്നത് തുടക്കത്തിൽ രക്ഷാപ്രവർത്തനത്തിന് തടസമായെങ്കിലും പിന്നീട് ക്രെയ്നുകൾ ഉപയോഗിച്ച് ബസ് പുറത്തെടുത്തു. അപകടത്തിൽപ്പെട്ടവരിൽ 17 പേരെ സമീപത്തെ രണ്ട് ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്. കോട്ട ജില്ലാ കളക്ടർ പീയൂഷ് സമരിയയും മുതിർന്ന പൊലിസ് ഉദ്യോഗസ്ഥരും ആശുപത്രി സന്ദർശിച്ച് പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കി.
Kerala
പുനലൂർ: ദക്ഷിണ റെയിൽവേയുടെ ആദ്യ വിസ്റ്റാഡോം കോച്ച് ചെങ്കോട്ട–പുനലൂർ–കൊല്ലം റെയിൽവേ പാതയിലൂടെ സർവീസ് നടത്തുന്നു. മധുര–ഗുരുവായൂർ–മധുര എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് ഘടിപ്പിക്കുന്നതോടെ പശ്ചിമഘട്ടത്തിന്റെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടുള്ള യാത്രയ്ക്ക് യാത്രക്കാർക്ക് അവസരമൊരുങ്ങും. 2026 ഒക്ടോബർ 22 മുതൽ 2027 ജനുവരി 16 വരെയാണ് നിശ്ചിത ദിവസങ്ങളിൽ വിസ്റ്റാഡോം കോച്ച് ഉൾപ്പെടുത്തിയുള്ള സർവീസ് ക്രമീകരിച്ചിരിക്കുന്നത്
ട്രെയിൻ നമ്പർ 16327 മധുര–ഗുരുവായൂർ എക്സ്പ്രസിൽ 2026 ഒക്ടോബർ 22 മുതൽ 2027 ജനുവരി 15 വരെ വിസ്റ്റാഡോം കോച്ച് ഘടിപ്പിക്കും. വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ഈ ട്രെയിനിൽ കോച്ച് ലഭ്യമാകുക. മടക്കയാത്രയായ ട്രെയിൻ നമ്പർ 16328 ഗുരുവായൂർ–മധുര എക്സ്പ്രസിൽ 2026 ഒക്ടോബർ 23 മുതൽ 2027 ജനുവരി 16 വരെ വിസ്റ്റാഡോം കോച്ച് ഘടിപ്പിക്കും. വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ഈ സർവീസ് ക്രമീകരിച്ചിരിക്കുന്നത്
പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര ചെയ്യാം
വലിയ ഗ്ലാസ് ജനലുകളും വിശാലമായ കാഴ്ചാസൗകര്യങ്ങളും ഉൾപ്പെടുന്ന വിസ്റ്റാഡോം കോച്ചുകൾ പ്രകൃതിദൃശ്യങ്ങൾ ആസ്വദിച്ചുകൊണ്ടുള്ള യാത്രയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തവയാണ്. സാധാരണ കോച്ചുകളെ അപേക്ഷിച്ച് പുറത്തുള്ള കാഴ്ചകൾ കൂടുതൽ വ്യക്തമായി ആസ്വദിക്കാൻ ഇത്തരം കോച്ചുകളിലൂടെ സാധിക്കും.
പശ്ചിമഘട്ടത്തിന്റെ മലനിരകളും പച്ചപ്പാർന്ന കാടുകളും താഴ്വരകളും തുരങ്കങ്ങളും വളവുകളുമെല്ലാം നിറഞ്ഞ ചെങ്കോട്ട–പുനലൂർ–കൊല്ലം റെയിൽവേ പാത വിസ്റ്റാഡോം യാത്രയ്ക്ക് ഏറെ അനുയോജ്യമാണ്. പ്രത്യേകിച്ച് ചെങ്കോട്ടയ്ക്കും പുനലൂരിനും ഇടയിലുള്ള മലമ്പാതയിലെ പ്രകൃതിദൃശ്യങ്ങൾ യാത്രക്കാർക്ക് വ്യത്യസ്തമായൊരു അനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
വിനോദസഞ്ചാര മേഖലയ്ക്കും പ്രയോജനം
വിസ്റ്റാഡോം കോച്ചിന്റെ വരവ് ചെങ്കോട്ട–പുനലൂർ–കൊല്ലം റെയിൽവേ പാതയുടെ വിനോദസഞ്ചാര സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താൻ സഹായിക്കും. പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്കും ഫോട്ടോഗ്രാഫർമാർക്കും റെയിൽവേ യാത്രാപ്രേമികൾക്കും ഈ സർവീസ് ആകർഷകമാകും.
പുനലൂർ, തെന്മല, ആര്യങ്കാവ് തുടങ്ങിയ പ്രദേശങ്ങളുടെ വിനോദസഞ്ചാര സാധ്യതകൾക്ക് കൂടുതൽ ശ്രദ്ധ ലഭിക്കാനും ഇതുവഴി അവസരമൊരുങ്ങും. കേരളത്തിന്റെയും തമിഴ്നാടിന്റെയും വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഈ റെയിൽവേ പാതയിലൂടെ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ വിസ്റ്റാഡോം കോച്ചിന്റെ സാന്നിധ്യം സഹായകരമാകുമെന്നാണ് വിലയിരുത്തൽ
റെയിൽവേ പാതയുടെ പ്രാധാന്യം വർധിക്കുന്നു
ചരിത്രപ്രാധാന്യവും പ്രകൃതിഭംഗിയും ഒരുപോലെ അവകാശപ്പെടുന്ന ചെങ്കോട്ട–പുനലൂർ–കൊല്ലം റെയിൽവേ പാതയിൽ വിസ്റ്റാഡോം കോച്ച് സർവീസ് നടത്തുന്നത് ശ്രദ്ധേയമായ ചുവടുവെപ്പാണ്. ദക്ഷിണ റെയിൽവേയുടെ ആദ്യ വിസ്റ്റാഡോം കോച്ച് ഈ പാതയിലൂടെ സർവീസ് നടത്തുന്നതോടെ പാതയുടെ സവിശേഷതകൾ കൂടുതൽ ജനശ്രദ്ധ നേടുമെന്നാണ് പ്രതീക്ഷ.
പുതിയ സർവീസ് വിനോദസഞ്ചാരികൾക്ക് പ്രയോജനപ്പെടുന്നതിനൊപ്പം പുനലൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ റെയിൽവേ യാത്രയ്ക്കും ടൂറിസം വികസനത്തിനും കൂടുതൽ പ്രാധാന്യം നൽകാൻ സഹായിക്കും
പ്രകൃതിയുടെ മനോഹാരിതയും റെയിൽവേ യാത്രയുടെ ആവേശവും ഒരുമിക്കുന്ന വിസ്റ്റാഡോം യാത്ര ചെങ്കോട്ട–പുനലൂർ–കൊല്ലം റെയിൽവേ പാതയുടെ ചരിത്രത്തിലെ മറ്റൊരു ശ്രദ്ധേയമായ അധ്യായമാകുകയാണ്
Kerala
വൈപ്പിന്: ജോലി സ്ഥലത്തെ നിരോധിത മേഖലയില് ചട്ടം ലംഘിച്ച് മൊബൈല് ഫോണ് ഉപയോഗിക്കുന്നതായി സേഫ്റ്റി ഓഫീസറെ അറിയിച്ച ട്രെയിലര് ഡ്രൈവറെ സഹപ്രവര്ത്തകന് മര്ദിച്ചതായി പരാതി. കൊച്ചി വല്ലാര്പാടം കണ്ടെയ്നര് ടെര്മിനലിലെ ഐടിവി എന്ന കമ്പനിയിലെ ട്രെയിലര് ഡ്രൈവര് അയ്യമ്പിള്ളി മനപ്പിള്ളി കുറുപ്പം കടവില് കെ. ആര്. രജീഷിനാണ് മര്ദനമേറ്റത്.
കഴിഞ്ഞ ദിവസം ഡ്യൂട്ടിക്കായി ടെര്മിനലിനകത്തുള്ള ഷട്ടില് ബസില് വച്ചായിരുന്നു സംഭവം. ഡിപി വേള്ഡ് സേഫ്റ്റി ഓഫീസര് വിളിച്ചു ചേര്ത്ത യോഗത്തിലാണ് കമ്പനിയിലുള്ള പല ഡ്രൈവര്മാരും നിരോധിത മേഖലയില് മൊബൈല് ഫോണ് ഉപയോഗിക്കുന്നതായി വിവരം നല്കിയത്.
തുടര്ന്ന് സേഫ്റ്റി ഓഫീസര് നടത്തിയ പരിശോധനയില് ചട്ടം ലംഘിച്ച് മൊബൈല് ഉപയോഗിക്കുന്ന ഒരാളെ പിടികൂടിയിരുന്നു. ഇയാളാണ് രജീഷിനെ മര്ദിച്ചത്. സംഭവത്തെ തുടര്ന്ന് മുളവുകാട് പൊലിസില് നല്കിയ പരാതിയില് സഹപ്രവര്ത്തകനായ നായരമ്പലം സ്വദേശി സജിത്തിനെതിരെ കേസ് എടുത്തിട്ടുണ്ട്.
Kerala
പയ്യന്നൂര്: ഓണ്ലൈന് തട്ടിപ്പിലൂടെ പയ്യന്നൂര് സ്വദേശിക്ക് നഷ്ടമായത് 14 ലക്ഷം രൂപ. തായിനേരിയിലെ ജോയി തോമസിന്റെ പരാതിയിലാണ് നിഷ വര്മ്മ, ഉന്മേഷ് ശര്മ എന്നിവര്ക്കെതിരെ പയ്യന്നൂര് പൊലിസ് കേസെടുത്തത്.
ഒരു പ്രമുഖ ധനകാര്യ സ്ഥാപനത്തില് നിന്ന് വരുന്നവരാണെന്ന് വിശ്വസിപ്പിച്ച് പ്രതികളുടെ വ്യാജ ആപ് ഡൗണ്ലോഡ് ചെയ്യിപ്പിച്ചായിരുന്നു തട്ടിപ്പ്. ദിവസവും അഞ്ച് ശതമാനത്തിലധികം ലാഭം കിട്ടുമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 12 മുതല് 21 വരെയുള്ള ദിവസങ്ങളില് നാലുതവണകളായി പരാതിക്കാരന് നിക്ഷേപിച്ച 14 ലക്ഷം രൂപയാണ് പ്രതികള് തട്ടിയെടുത്തത്. വാഗ്ദാനപ്രകാരമുള്ള ലാഭമോ നിക്ഷേപിച്ച പണമോ ലഭിക്കാതെ വന്നപ്പോള് നടത്തിയ അന്വേഷണത്തില് ചതിക്കപ്പെട്ടുവെന്ന് മനസിലായപ്പോഴാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
Kerala
കൊച്ചി: നെടുമ്പാശേരിയില് മൂന്നു പേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസില് പ്രതി സുഹൈല് സജീവിന്റെ ജാമ്യാപേക്ഷയില് അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ജാമ്യാപേക്ഷയില് വെള്ളിയാഴ്ച മൂന്നര മണിക്കൂര് വാദം നീണ്ടിരുന്നു.
കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യ ചുമത്തുന്ന 105-ാം വകുപ്പ് നിലനില്ക്കില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷനും വാദിച്ചു. അതേസമയം, അപകടസമയത്ത് സുഹൈലിന്റെ ശരീരത്തില് അനുവദനീയമായതിലും അഞ്ചിരട്ടിയിലധികം മദ്യം ഉണ്ടായിരുന്നതായി രക്തസാമ്പിള് പരിശോധനയില് സ്ഥിരീകരിച്ചു.
അനുവദനീയമായ മദ്യത്തിന്റെ അളവ് 30 എംജി ആയിരിക്കെ സുഹൈലിന്റെ രക്തത്തില് 150 എംജി മദ്യത്തിന്റെ സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തിയത്. അപകട ദിവസം ഉച്ചമുതല് പിറ്റേന്ന് വരെ മൂന്നു ബാറുകളില് കയറി പ്രതി മദ്യപിച്ചിരുന്നു. മദ്യപിച്ച് വാഹനമോടിച്ച പ്രതിയുടെ ലൈസന്സ് സസ്പെന്ഡ് ചെയ്യാനുള്ള നടപടികള് ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: കടവന്ത്രയില് കാലില് തുപ്പിയത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചത് ലഹരിസംഘമെന്ന് സൂചന. പ്രതികളുടെ ഫോണില് ലഹരി വില്പനയുടെ വിവരങ്ങള് കണ്ടെത്തിയതോടെ പൊലിസ് അന്വേഷണം ഊര്ജിതമാക്കി.
ഒക്ടോബര് 11ന് രാത്രി പത്തോടെയായിരുന്നു സംഭവം. കടവന്ത്രയിലുള്ള മെട്രോ സ്റ്റേഷന് സമീപത്തെ ചായക്കടയില് വച്ച് അജയ് ടോം ഫിലിപ്പിന് മര്ദനമേറ്റത്. ഇയാളുടെ കാലില് തുപ്പിയത് ചോദ്യം ചെയ്തതിനെ തുടര്ന്നായിരുന്നു മര്ദനമേറ്റത്. ഒക്ടോബര് 14ന് ആണ് സൗത്ത് പൊലിസില് യുവാവ് പരാതി നല്കിയത്.
സംഘര്ഷത്തിനിടെ പ്രതികളായ ഒരാളുടെ ഫോണ് സ്ഥലത്ത് നഷ്ടമായിരുന്നു. ഈ ഫോണ് കണ്ടെടുത്ത ചായക്കട ഉടമ പൊലിസില് ഏല്പ്പിക്കുകയായിരുന്നു. ഫോണില് ലഹരി ഇടപാടിന്റെ വിവരങ്ങളും ഉണ്ടായിരുന്നു. ഇത് സംബന്ധിച്ചുള്ള പരിശോധനകള് ആരംഭിച്ചിട്ടുണ്ട്
Kerala
തലശേരി: മൊബൈൽ ഫോൺ പിതാവ് പിടിച്ചുവച്ചതിനെ തുടർന്ന് പ്ലസ്വൺ വിദ്യാർഥിയെ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ കരിയാട് പുളിയനമ്പ്രത്തെ ശിവപ്രിയത്തിൽ എ. ജിഗീഷിന്റെ മകൻ ശിവസൂര്യയെയാണ് ഓഗസ്റ്റ് എട്ടു മുതൽ കാണാതായത്.
ക്രൈംബ്രാഞ്ച് എസ്പി കെ.വി. വേണുഗോപാലിന്റെ മേൽനോട്ടത്തിൽ ഡിവൈഎസ് പി. സനിൽകുമാർ, സിഐമാരായ ശ്രീജിത്ത് കൊടേരി, രഞ്ജിത്ത് രവീന്ദ്രൻ, എസ്ഐമാരായ മൈക്കിൾ, മധു, പ്രമോദ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വഷിക്കുന്നത്. ലോക്കൽ പൊലിസും പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിനും കുട്ടിയെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്നാണ് അന്വഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.
"ഞാൻ കാശിയിലേക്ക് പോകുന്നു. ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും' എന്ന കുറിപ്പ് എഴുതിവച്ചാണ് ശിവസൂര്യ വീടുവിട്ടത്. എന്നാൽ, വീട് വിട്ടിറങ്ങിയ കുട്ടി ഏതുവഴിക്ക് പോയെന്ന ചോദ്യത്തിന് നാട്ടിലുടനീളമുള്ള സിസിടിവി ദൃശ്യങ്ങൾക്കും ഉത്തരം നൽകാൻ കഴിയാതെ വന്നതോടെ പൊലിസ് മറ്റ് മേഖലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
കുട്ടിയെ കണ്ടെത്താൻ കാശി ഉൾപ്പെടെ വിവിധ നഗരങ്ങളിൽ തിരച്ചിൽ നടത്തുകയും വിവിധ ഭാഷകളിൽ കുട്ടിയുടെ ചിത്രം അടങ്ങിയ നോട്ടീസ് പ്രസിദ്ധീകരിക്കുകയും ചെയ്തെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ല. ഓൺലൈൻ ഗെയിം പതിവാക്കിയതിനെ തുടർന്നാണ് പിതാവ് മൊബൈൽ ഫോൺ പിടിച്ചുവച്ചത്.
Kerala
കൊച്ചി: എറണാകുളം മാര്ക്കറ്റിലെ കടവുഭാഗം സിനഗോഗ് ആക്രമണ കേസിലെ പ്രതി എബിന് പോളിന്റെ മൊബൈല് ഫോണില് നിന്നും നിര്ണായക വിവരങ്ങള് പൊലിസിന് ലഭിച്ചു. ഫോണില് നിന്നും ഡിലീറ്റ് ചെയ്യപ്പെട്ട ചാറ്റുകളും ചിത്രങ്ങളുമടക്കമുള്ള വിവരങ്ങളാണ് പൊലിസിന് ലഭിച്ചിരിക്കുന്നത്.
എബിന് പോളിന്റെ മൊഴിയില് പറഞ്ഞ ബോസ് എന്ന വ്യക്തി നല്കിയ ടാസ്കുകളുമായാണ് പ്രതി മുന്നോട്ട് പോയിരുന്നത്. എബിന് പോള് ഫോണില് ആയുധങ്ങള് തെരഞ്ഞെതായി പൊലിസ് കണ്ടെത്തിയിരുന്നു. വിവിധ സൈറ്റുകളില് ഇയാള് ആയുധങ്ങള് തെരഞ്ഞിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങള് ഫോണിന്റെ സെര്ച്ച് ഹിസ്റ്ററിയില് നിന്ന് പൊലിസിന് ലഭിച്ചിട്ടുണ്ട്.
പ്രതിക്ക് ആയുധം എത്തിച്ച് നല്കാന് ടെലിഗ്രാം ചാറ്റിലെ ബോസ് നീക്കം നടത്തിയതായി കഴിഞ്ഞ ദിവസം അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പ്രതിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത് വരികയാണ്. ബോസിനെ നേരില് അറിയില്ലെന്നാണ് ഇയാള് അന്വേഷണ സംഘത്തിന് നല്കിയിട്ടുള്ള മൊഴി. ശാസ്ത്രീയ തെളിവുകളുടെ പിന്ബലത്തോടെ ഇത് കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
ഇതിന്റെ ഭാഗമായി പ്രതിയുടെ പക്കല് നിന്നു പിടികൂടിയ ഇലക്ട്രോണിക് വസ്തുക്കള് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. കൂടാതെ ഇയാളുടെ ബാങ്ക് അക്കൗണ്ടുകളും പൊലിസ് പരിശോധിച്ചു വരികയാണ്. പഠനാവശ്യങ്ങള്ക്കടക്കം വിദേശത്ത് പോയ എബിന്റെ വിദേശ ബന്ധങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്.
ഒക്ടോബര് 12ന് പുലര്ച്ചെ 2.30 ഓടെയാണ് എറണാകുളം മാര്ക്കറ്റിലെ കടവുഭാഗം സിനഗോഗിന് മുന്വശമുള്ള ബ്ലോസം നഴ്സറിയുടെ ബാനറിന് പ്രതി തീയിട്ടത്. പശ്ചിമേഷ്യന് സംഘര്ഷങ്ങളുടെ പശ്ചാത്തലത്തില് 24 മണിക്കൂറും സംരക്ഷണം ഏര്പ്പെടുത്തിയിട്ടുള്ള സിനഗോഗിന് നേരെയുള്ള ആക്രമണത്തില് സുരക്ഷാവീഴ്ചയുണ്ടായ സംഭവത്തില് രണ്ടു പൊലിസുകാരെ സസ്പെന്ഡ് ചെയ്തിരുന്നു.
Kerala
കൊച്ചി: യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പാലാരിവട്ടം പൊലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചേലാവൂർ സ്വദേശി അബ്ദുൾ ബാസിദിനെയാണ് (29) കരിപ്പൂർ വിമാനത്താവളത്തിൽവച്ച് പിടികൂടിയത്.
കുറ്റം ചെയ്തശേഷം വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ പൊലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ദുബായിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ വിമാനത്താവള അധികൃതർ തടഞ്ഞുവയ്ക്കുകയായിരുന്നു.
ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവള അധികൃതർ പ്രതിയെ തടഞ്ഞുവച്ചത്. തുടർന്ന് പാലാരിവട്ടം പൊലിസിന് വിവരം കൈമാറി. കരിപ്പൂരിലെത്തിയ പാലാരിവട്ടം പൊലിസ് സംഘം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
International
ന്യൂഡൽഹി: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ അധികതീരുവ ചുമത്താനുള്ള നിയമം പ്രാബല്യത്തിലാകുന്നതിന് തൊട്ടുമുൻപ് മരവിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ മാസം ഒപ്പുവച്ച ബിൽ പ്രകാരം കർശന നിയന്ത്രണങ്ങളും ഉപരോധങ്ങളും നടപ്പിലാകാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് ഈ തീരുമാനം.
ദേശീയ താൽപ്പര്യം മുൻനിർത്തിയാണ് ഈ താത്കാലിക നിർത്തിവയ്ക്കൽ എന്ന് ട്രംപ് അറിയിച്ചു. അധികതീരുവ ഭാവിയിൽ എപ്പോൾ വേണമെങ്കിലും ചുമത്താൻ ട്രംപിനാകും. റഷ്യൻ ക്രൂഡ് ഓയിൽ കൂടുതലായി വാങ്ങുന്ന ഇന്ത്യ, ചൈന, സ്ലോവാക്യ, ഹംഗറി, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങൾക്കാണ് നൂറുശതമാനം തീരുവ ചുമത്തിയിരുന്നത്.
അധികതീരുവ അടിച്ചേല്പ്പിക്കാന് പ്രസിഡന്റിന് അധികാരം നല്കുന്ന ബിൽ സെനറ്റും ജനപ്രതിനിധി സഭയും പാസാക്കുകയും ട്രംപ് ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. യുക്രെയ്ൻ യുദ്ധത്തിനിടയിൽ റഷ്യയുടെ ഊർജ വരുമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവന്നത്.
Kerala
കൊച്ചി കലൂരിൽ യുവതിയെ പിന്തുടർന്ന് ആക്രമിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ഇടുക്കി എലപ്പാറ കൊച്ചുകരിംതരുവി ഇല്ലിക്കൽ വീട്ടിൽ അനന്തുവിനെയാണ് (21) എറണാകുളം ടൗൺ നോർത്ത് പൊലിസ് പിടികൂടിയത്.
പ്രതിയും പരാതിക്കാരിയായ യുവതിയും മുൻപ് പരിചയക്കാരായിരുന്നെങ്കിലും, ഇയാളുടെ മോശം സ്വഭാവം തിരിച്ചറിഞ്ഞ യുവതി പിന്നീട് ബന്ധം പൂർണമായി ഉപേക്ഷിക്കുകയായിരുന്നു. ഇതിലുള്ള കടുത്ത വിരോധമാണ് ക്രൂരമായ ഈ ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലിസ് വ്യക്തമാക്കി.
ഒക്ടോബർ 14-ന് വൈകുന്നേരം ആറിന് കലൂർ ആസാദ് റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ പ്രതി ലക്ഷ്യമിട്ട് പിന്തുടരുകയായിരുന്നു. ആളൊഴിഞ്ഞ ഭാഗത്തുവെച്ച് യുവതിയെ തടഞ്ഞുനിർത്തി കടന്നുപിടിക്കുകയും, യുവതി ചെറുത്തുനിന്നപ്പോൾ മുഖത്തടിച്ച് വസ്ത്രങ്ങൾ വലിച്ചുകീറി ഉപദ്രവിക്കുകയുമായിരുന്നു. എന്നാൽ യുവതിയുടെ നിലവിളി കേട്ട് പ്രദേശവാസികൾ ഓടിക്കൂടിയതോടെ പരിഭ്രാന്തനായ പ്രതി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.
യുവതിയുടെ പരാതിയെത്തുടർന്ന് എറണാകുളം ടൗൺ നോർത്ത് പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കലൂരിലെ ഒരു ഹോസ്റ്റലിൽ ഒളിവിൽ കഴിയുകയായിരുന്ന അനന്തുവിനെ എറണാകുളം സെൻട്രൽ അസിസ്റ്റന്റ് പൊലിസ് കമ്മീഷണർ സിബി ടോമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിലാണ് കുടുക്കാനായത്.
National
പൂന: മഹാരാഷ്ട്രയിലെ പൂനയിൽ ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ബോധരഹിതനായി കിടന്ന ഡോക്ടർക്ക് സസ്പെൻഷൻ. പിംപ്രി ചിഞ്ച് വാഡ് മുനിസിപ്പൽ കോർപ്പറേഷനു കീഴിലുള്ള യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ (വൈ.സി.എം) ആശുപത്രിയിലെ പോസ്റ്റ്മോർട്ടം വിഭാഗം ഡോക്ടറായ ഡോ. വൈഭവ് മാസ്കെയെയാണ് സസ്പെൻഡ് ചെയ്തത്.
പോസ്റ്റ്മോർട്ടം വിഭാഗത്തിൽ മദ്യപിച്ച് ബോധമില്ലാതെ ഡോക്ടർ കിടക്കുന്നതിന്റെയും സമീപത്തെ മേശപ്പുറത്ത് മദ്യക്കുപ്പികൾ നിരത്തിവച്ചിരിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അധികൃതർ നടത്തിയ പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്. ഡ്യൂട്ടി സമയത്ത് മദ്യപിച്ചെന്നും ആശുപത്രിയുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്തിയെന്നുമാണ് സസ്പെൻഷൻ ഉത്തരവിലുള്ളത്.
ഒക്ടോബർ മൂന്നിന് മരിച്ച ഒരു തൊഴിലാളിയുടെ മൃതദേഹം വിട്ടുകൊടുക്കാൻ ഡോക്ടറും ആശുപത്രി ജീവനക്കാരും ചേർന്ന് കൈക്കൂലി ആവശ്യപ്പെട്ടെന്ന ഗുരുതര ആരോപണവും സംഭവത്തിന് പിന്നാലെ പുറത്തുവന്നിട്ടുണ്ട്. മൃതദേഹം കൊണ്ടുപോകുന്നതിന് ആവശ്യമായ രേഖകൾ നൽകാൻ കുടുംബം ആവശ്യപ്പെട്ടെങ്കിലും ഡോക്ടർ അതിന് തയാറായില്ല. ഈ സമയത്താണ് ഡോക്ടറുടെ മേശപ്പുറത്ത് മദ്യക്കുപ്പികൾ നിരത്തിവച്ചിരിക്കുന്ന ദൃശ്യങ്ങൾ ബന്ധുക്കൾ കാമറയിൽ പകർത്തിയത്. മൃതദേഹം വിട്ടുകിട്ടണമെങ്കിൽ പണം നൽകണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടതായും കുടുംബം ആരോപിക്കുന്നു.
യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ ആശുപത്രിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകൾ ഉണ്ടാകുന്നത് ഇത് ആദ്യമായല്ല. അടുത്തിടെ ഓടിക്കൊണ്ടിരുന്ന ആംബുലൻസിൽ നിന്നും രോഗി സ്ട്രക്ചറോടെ റോഡിലേക്ക് തെറിച്ചുവീഴുന്നതിന്റെ ദൃശ്യങ്ങളും വലിയ രീതിയിൽ ചർച്ചയായിരുന്നു.
Kerala
പാലക്കാട്: ജില്ലയിലെ അകത്തേത്തറയിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. പ്രദേശത്ത് കുറച്ചുകാലമായി പുലിയുടെ സാന്നിധ്യമുള്ളതായും വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതായും നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
ഇതിനെത്തുടർന്ന് പഞ്ചായത്ത് അധികൃതർ വനംവകുപ്പിന് കത്തി നൽകി. 20 ദിവസം മുമ്പാണ് വനംവകുപ്പ് അധികൃതർ പ്രദേശത്ത് കൂട് സ്ഥാപിച്ചത്.
കൂട്ടിൽ പുലി അകപ്പെട്ടതോടെ പ്രദേശവാസികൾ വലിയ ആശ്വാസത്തിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയെ ധോണിയിലെ ക്യാമ്പിലേക്ക് മാറ്റി.
Kerala
വളാഞ്ചേരി: സ്കൂട്ടർയാത്രക്കാരായ ദമ്പതിമാർ ലോറികൾക്കിടയിൽപ്പെട്ട് മരിച്ചു. ആറുവരിപ്പാതയിൽ വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിലാണ് അപകടം. കുറ്റിപ്പുറം പേരശ്ശനൂർ ആന്ത്രവളപ്പിൽ അഫ്സൽ (37), ഭാര്യ സാബിറ എന്നിവരാണ് മരിച്ചത്
വയഡക്ട് ആരംഭിക്കുന്നിടത്ത് വെള്ളിയാഴ്ച രാത്രി 11:45-ഓടെയാണ് അപകടമുണ്ടായത്. രണ്ട് ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാർ വീഴുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
കുറ്റിപ്പുറം ഭാഗത്തേക്ക് വരികയായിരുന്നു അപകടത്തിൽപ്പെട്ട വാഹനങ്ങൾ. അമിതവേഗത്തിലെത്തിയ ലോറിയുടെ ഇടയിൽ സ്കൂട്ടർ യാത്രക്കാർ പെടുകയായിരുന്നുവെന്നാണ് വിവരം.
Kerala
കൊല്ലം: സിപിഎം വിപുലീകൃത കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബത്തിനും സംസ്ഥാന നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനം. ഇ.എം.എസും എ.കെ.ജി.യും മക്കൾക്കുവേണ്ടി പാർട്ടിയെ ഉപയോഗിച്ചിട്ടില്ലെന്നും എന്നാൽ മകൾക്കുവേണ്ടി പിണറായി ഉണ്ടാക്കിയ അവമതിപ്പ് ചെറുതല്ലെന്നും കുണ്ടറയിൽനിന്നുള്ള പ്രതിനിധി യോഗത്തിൽ തുറന്നടിച്ചു.
പിണറായിയുടെ മകൾക്ക് എന്തിനാണ് ഇത്രയും പണം എന്ന് പാർട്ടി തിരക്കിയില്ലെന്നും കണ്ണൂരിലെ തോൽവിക്ക് പിണറായിയും ഗോവിന്ദനുമാണ് പ്രധാന കാരണക്കാരെന്നും വിമർശനമുണ്ടായി.
യോഗത്തിന്റെ ഉദ്ഘാടനപ്രസംഗത്തിൽ പിണറായി വിജയനെയും റിയാസിനെയും ന്യായീകരിച്ച സംസ്ഥാന സെക്രട്ടറിയെ പ്രതിനിധികൾ കടുത്ത ഭാഷയിൽ പരിഹസിച്ചു. 'ഞാനും അപ്പനും അപ്പന്റെ സഹോദരി സുഭദ്രയും' എന്ന മട്ടിലാണ് പാർട്ടി സെക്രട്ടറി സംസാരിച്ചതെന്നും ജില്ലാ കമ്മിറ്റിയിൽ പിണറായിയെ ആരും വിമർശിക്കരുതെന്ന സന്ദേശമാണ് സെക്രട്ടറി നൽകിയതെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി.
ചർച്ചചെയ്യേണ്ട വിഷയങ്ങൾ മിണ്ടരുതെന്ന് പറയാൻ ആർക്കും അവകാശമില്ലെന്നും ഇത് പാർട്ടി രീതികൾക്ക് വിരുദ്ധമാണെന്നും പ്രതിനിധികൾ വ്യക്തമാക്കി. പാർട്ടിക്കുള്ളിലെ തിരുത്തൽ സംസ്ഥാന സെക്രട്ടറിയിൽനിന്ന് തുടങ്ങണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.
വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ തന്നെ ശാസിച്ച വിവരം ജില്ലാ കമ്മിറ്റികളിൽ വന്ന് റിപ്പോർട്ട് ചെയ്യേണ്ടിവരുന്നത് സംസ്ഥാന സെക്രട്ടറിയുടെ ഗതികേടാണെന്ന് അഞ്ചലിൽനിന്നുള്ള പ്രതിനിധി വിമർശിച്ചു.
International
വാഷിംഗ്ടൺ ഡിസി: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാറ്റി സക്കറിയയെ പുറത്താക്കി. അഞ്ചു ദിവസം മുമ്പാണ് കാറ്റി സക്കറിയ പ്രസ് സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്. ഇതോടെ വൈറ്റ് ഹൗസിന്റെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ കാലം സേവനം അനുഷ്ഠിച്ച പ്രസ് സെകട്ടറിയായി കാറ്റി മാറി.
കാറ്റിയുടെ യോഗ്യത സംബന്ധിച്ച വിവാദവും മോശം പ്രകടനവുമാണ് പുറത്താക്കലിന് ഇടയാക്കിയത്. ആദ്യ പത്രസമ്മേളനത്തിൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ അബദ്ധത്തിൽ ഭർത്താവ് എന്നും വിശേഷിപ്പിച്ചിരുന്നു.
നിയമബിരുദം നേടിയെങ്കിലും അഭിഭാഷകയായി പ്രാക്ടീസ് ചെയ്യാനുള്ള പരീക്ഷ പാസാകാത്ത കാറ്റിയെ ട്രംപ് അറ്റോർണി എന്ന് വിശേഷിപ്പിച്ചിരുന്നു. കാറ്റിയും താൻ അഭിഭാഷകയാണെന്ന് അവകാശപ്പെട്ടിരുന്നു. വിവാദത്തെ തുടർന്ന് താൻ ബാർ പരീക്ഷ പാസായിട്ടില്ലെന്ന് പിന്നീട് കാറ്റി സമ്മതിച്ചിരുന്നു. താൻ വൈറ്റ് ഹൗസിൽ നിന്ന് പടിയിറങ്ങുന്ന കാര്യം വെള്ളിയാഴ്ച വൈകുന്നേരമാണ് സക്കറിയ സ്ഥിരീകരിച്ചത്.
Kerala
പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും. പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഞായറാഴ്ച നടക്കും. പൂജ അവധി ദിവസങ്ങൾ കൂടിയായതിനാൽ മണ്ഡലകാലത്തിന് സമാനമായ രീതിയിലുള്ള ബുക്കിംഗ് ആണ് തുടരുന്നത്.
ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിംഗ് ഇതിനോടകം 50,000 കടന്നു. നട തുറക്കുന്ന ഇന്ന് മാത്രം 30,000 തീർഥാടകർ ഓൺലൈൻ വഴി ദർശനം ബുക്ക് ചെയ്തിട്ടുണ്ട്. തുലാം ഒന്നായ ഒക്ടോബർ 18-ന് 50,000 പേരും ഒക്ടോബർ 19-ന് 40,000 പേരും ഇതിനോടകം ദർശനത്തിനായി ബുക്ക് ചെയ്തതോടെ സന്നിധാനത്ത് വൻ ഭക്തജനത്തിരക്കുണ്ടാകും.
ദേവസ്വം മന്ത്രിക്കൊപ്പം മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് രാവിലെ ഒമ്പതരയോടെ നിലയ്ക്കൽ ബേസ് ക്യാമ്പിലെത്തി സൗകര്യങ്ങൾ വിലയിരുത്തും. തുടർന്ന് പത്തരയോടെ പമ്പയിൽ അവലോകനയോഗം ചേരും. വൈകീട്ട് മല ചവിട്ടി സന്നിധാനത്ത് എത്തി ദർശനം പൂർത്തിയാക്കുന്ന മുഖ്യമന്ത്രി, സന്നിധാനത്തെ ഒരുക്കങ്ങൾ കൂടി വിലയിരുത്തി രാത്രി തന്നെ മലയിറങ്ങും.
Kerala
കണ്ണൂർ: ദേശീയപാതയിൽ ചുങ്കത്ത് ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണ് ബൈക്ക് യാത്രികൻ മരിച്ചു. തളിപ്പറമ്പ് കെഎസ്ഇബി ജീവനക്കാരൻ ചിറക്കൽ പുഴാതി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ കെ. ശ്രീജിത്താണ് (48) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപതരയ്ക്കായിരുന്നു സംഭവം.
തളിപ്പറമ്പിലെ ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശ്രീജിത്ത്. ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ ശ്രീജിത്തിന്റെ ദേഹത്തേക്ക് വീഴുകയുമായിരുന്നു.
അപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ പാപ്പിനിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ലോറി വളപട്ടണം പൊലിസ് കസ്റ്റഡിയിലെടുത്തു.
Kerala
തിരുവനന്തപുരം: വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സംസ്ഥാന സർക്കാർ. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി. മായിൻഹാജി ചെയർമാനാകും. ഒമ്പത് അംഗങ്ങളുള്ള ബോർഡാണ് പുനഃസംഘടിപ്പിച്ചത്. സമസ്ത മുശാവറയിൽനിന്ന് പുറത്താക്കപ്പെട്ട മുസ്തഫൽ ഫൈസിയെ ബോർഡ് അംഗമായി തെരഞ്ഞെടുത്തു. കുറുക്കോളി മൊയ്തീൻ എംഎൽഎമാരുടെ പ്രതിനിധിയാകും.
മുൻ ചെയർമാൻ ഹംസ നൽകിയ കേസ് ഹൈക്കോടതിയിൽ നിൽക്കെയാണ് പുനഃസംഘടിപ്പിച്ചത്. വഖഫ് ബോർഡ് പിരിച്ചുവിടാൻ സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. അംഗങ്ങളിൽ പലർക്കും ചട്ട പ്രകാരം യോഗ്യത ഇല്ലെന്നായിരുന്നു പ്രധാന ആരോപണം. രണ്ട് അമുസ്ലിം അംഗങ്ങളെ പിന്നീട് നിയമിക്കുന്നതില് സുപ്രീം കോടതിയിലെ കേസിന്റെ വിധി പ്രകാരം തീരുമാനിക്കും.
Kerala
കൊല്ലം: കൊല്ലത്ത് നടന്ന സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്കെതിരെ രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്കേറ്റ തിരിച്ചടിക്ക് അമിത ആത്മവിശ്വാസമാണ് കാരണമായതെന്ന് യോഗത്തിൽ പ്രതിനിധികൾ തുറന്നടിച്ചു.
സർക്കാരിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കുന്നതിൽ വീഴ്ച സംഭവിച്ചതായും യോഗം വിലയിരുത്തി. വീഴ്ചകളും പോരായ്മകളും കൃത്യസമയത്ത് മനസിലാക്കാനും തിരുത്താനും നേതൃത്വത്തിനായില്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും പ്രതിനിധികൾ വിമർശനം കടുപ്പിച്ചു. പാർട്ടി പ്രവർത്തനങ്ങളിൽ തിരുത്തലുകൾ ആവശ്യമാണെന്നും താഴെത്തട്ടിലുള്ള ജനവികാരം ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
NRI
കൽബ: കൈരളി കൾച്ചറൽ അസോസിയേഷൻ കൽബ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഓണോത്സവം 2026' വർണാഭമായി. കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന വിപുലമായ ആഘോഷത്തിൽ, ആയിരത്തിലധികം പേർക്കായി ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും വൈവിധ്യമാർന്ന കലാപരിപാടികളും ശ്രദ്ധേയമായി.
മുൻ ലോക കേരളസഭാംഗം സന്തോഷ് ഓമല്ലൂർ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അശോകൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി നബീൽ കാർത്തല സ്വാഗതം ആശംസിച്ചു. കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുജിത്ത് വി.പി, പ്രസിഡന്റ് വിൽസൺ പട്ടാഴി, മുൻ സെക്രട്ടറി പ്രമോദ് പട്ടാനൂർ, മുൻ കൽബ യൂണിറ്റ് സെക്രട്ടറി പ്രിൻസ് തെക്കൂട്ടയിൽ, യൂണിറ്റ് കൾച്ചറൽ കൺവീനർ കമറുന്നിസ, ജോയിന്റ് ട്രഷറർ സുജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഔദ്യോഗിക ചടങ്ങുകൾക്ക് ആരോമൽ നന്ദി രേഖപ്പെടുത്തി.
തുടർന്ന് അരങ്ങേറിയ കലാപരിപാടികൾ സദസിനെ ആവേശഭരിതമാക്കി. സ്ത്രീത്വത്തിന്റെ കരുത്തും അഴകും സമന്വയിപ്പിച്ച് അവതരിപ്പിച്ച ‘സ്ത്രീമയം’ എന്ന നൃത്തശിൽപവും, ഗ്രീഷ്മാ കണ്ണൻ നയിച്ച ഗാനമേളയും ആഘോഷത്തിന് മാറ്റുകൂട്ടി.
പരിപാടികൾക്ക് സിദ്ദീക്ക്, നൗഷാദ്, ജോബിൻ, സുജേഷ്, അഭിലാഷ്, സനൂഫ്, ആദിൽ, ജയലക്ഷ്മി പ്രദീപ്, നിമ്മി പ്രിൻസ്, ജീന തുടങ്ങിയവർ നേതൃത്വം നൽകി. അംഗങ്ങളുടെയും പ്രവാസി സമൂഹത്തിന്റെയും സജീവ പങ്കാളിത്തത്തോടെ നടന്ന ഓണോത്സവം, ഈസ്റ്റ് കോസ്റ്റ് മേഖലയിലെ പ്രവാസി കൂട്ടായ്മയുടെ കരുത്ത് വിളിച്ചോതുന്ന മികച്ചൊരു ആഘോഷമായി മാറി.
NRI
ഹൂസ്റ്റൺ: ഹൂസ്റ്റൺ മേഖലയിലെ ഒരു വിമാനത്താവളത്തിൽ നടത്തിയ വലിയ പരിശോധനയിൽ 100 പൗണ്ടിലധികം മെതാംഫെറ്റാമിൻ പിടികൂടിയതായി ഹൂസ്റ്റൺ ഡിഇഎ അറിയിച്ചു.
യുഎസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷനും ഹൂസ്റ്റൺ പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്. വിമാനത്താവളത്തിൽ രണ്ട് സ്യൂട്ട്കേസുകളിലായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
രാജ്യത്തിന്റെ ഗതാഗത സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് ലഹരിമരുന്ന് കടത്തുന്ന സംഘങ്ങളെ തടയുന്നതിൽ ശക്തമായ നിയമപാലക കൂട്ടായ്മകളുടെ പ്രാധാന്യമാണ് ഈ നടപടി വ്യക്തമാക്കുന്നതെന്ന് ഡിഇഎ ഹൂസ്റ്റൺ വിഭാഗം സോഷ്യൽ മീഡിയയിൽ കുറിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്തര്ക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാന് കെഎസ്ആര്ടിസി വിപുലമായ മുന്നൊരുക്കങ്ങള് ഏര്പ്പെടുത്തി. മണ്ഡലപൂജാ കാലത്ത് 461 ബസുകളും മകരവിളക്ക് മഹോത്സവത്തിന് 561 ബസുകളുമാണ് ആദ്യഘട്ടത്തില് സര്വീസ് നടത്തുക.
തീര്ഥാടകരുടെ തിരക്ക് വര്ധിക്കുന്നതനുസരിച്ച് കൂടുതല് ബസുകള് ലഭ്യമാക്കാനും ലീസ് വ്യവസ്ഥയില് ബസുകള് ഏര്പ്പെടുത്താനും നടപടികള് സ്വീകരിച്ചിട്ടുണ്ട്. പമ്പ-നിലയ്ക്കല് ചെയിന് സര്വീസുകള്ക്ക് പുറമെ സംസ്ഥാനത്തെ വിവിധ ഡിപ്പോകളെയും പ്രത്യേക സര്വീസ് കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ഘട്ടംഘട്ടമായാണ് സര്വീസുകള് ക്രമീകരിച്ചിട്ടുള്ളത്.
പമ്പ, നിലയ്ക്കല്, ചെങ്ങന്നൂര്, കോട്ടയം, പത്തനംതിട്ട, എരുമേലി, തിരുവനന്തപുരം സെന്ട്രല്, എറണാകുളം, കുമളി, കൊട്ടാരക്കര, പുനലൂര്, അടൂര്, തൃശൂര്, ഗുരുവായൂര്, കായംകുളം തുടങ്ങിയ കേന്ദ്രങ്ങളില്നിന്ന് സ്പെഷ്യല് സര്വീസുകള് ഉണ്ടാകും. മണ്ഡലപൂജാ ഘട്ടത്തില് നിലയ്ക്കലില് 180 ബസുകളും മകരവിളക്ക് ഘട്ടത്തില് 220 ബസുകളും വിന്യസിക്കും. ചെങ്ങന്നൂരില് യഥാക്രമം 60, 80 ബസുകളും കോട്ടയത്ത് 50, 60 ബസുകളും ക്രമീകരിച്ചിട്ടുണ്ട്.
Kerala
പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. ശബരിമല, മാളികപ്പുറം പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ നടക്കും. ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിംഗ് 50000 കടന്നു. അവലോകന യോഗത്തിനായി മുഖ്യമന്ത്രി ഇന്ന് ശബരമലയിലെത്തും. തുലാമാസ പൂജകൾക്കായി ശബരിമലയിൽ നട തുറക്കുമ്പോൾ ദർശനത്തിനായി വൻ ബുക്കിംഗ് ഉണ്ടായി.
നട തുറക്കുന്ന ഇന്ന് മാത്രം 30,000 തീർഥാടകർ ഓൺലൈൻ വഴി ദർശനം ബുക്ക് ചെയ്തു. പൂജ അവധി ദിവസങ്ങൾ കൂടിയായതിനാൽ മണ്ഡലകാലത്തിന് സമാനമായ രീതിയിലുള്ള ബുക്കിംഗാണ് തുടരുന്നത്. തുലാം ഒന്നായ ഒക്ടോബർ 18ന് 50000 പേരും ഒക്ടോബർ 19ന് 40,000 പേരും ഇതിനോടകം ദർശനത്തിനായി ബുക്ക് ചെയ്തു.
NRI
ഹൂസ്റ്റൺ: കേരള നർമവേദി യുഎസ്എ ഒക്ടോബർ 10 വൈകുന്നേരം, മിസോറി സിറ്റിയിലുള്ള അപ്നാ ബസാർ ഹാളിൽ "ചിരിയോ ചിരി പൊട്ടിച്ചിരി" എന്ന പേരിൽ സംഘടിപ്പിച്ച ചിരി അരങ്ങ് യാതൊരു തരത്തിലുള്ള ഔപചാരികതകളോ, പ്രോട്ടോക്കോളുകളോ ഇല്ലാതെ വെറും നർമ്മത്തിൽ മാത്രം ചാലിച്ചെടുത്ത ഒരു ജനകീയ പരിപാടിയായി പെയ്തിറങ്ങി.
തുടക്കം മുതൽ യാതൊരു ഗ്യാപ്പും ഇല്ലാതെ ബഹുഭൂരിപക്ഷം സദസ്യരും ഓരോരുത്തരായി വേദിയിൽ വന്നു സ്വന്തം ജീവിതാനുഭവങ്ങളും അമളികളും തമാശരൂപേണ പറഞ്ഞു. സന്നിഹിതരായ ചില ദമ്പതികൾ പരസ്പരം തോണ്ടിയും ട്രോൾ ചെയ്തും സംസാരിച്ചപ്പോൾ അതൊരു മധുര നൊമ്പരക്കാറ്റായി വീശിയടിച്ചു. അനേകം ചിരി അരങ്ങുകൾ അവതരിപ്പിച്ചിട്ടുള്ള, ഫ്ലോറിഡയിൽ നിന്നെത്തിയ പ്രശസ്ത എഴുത്തുകാരൻ രാജു മൈലപ്രയുടെ നർമ്മത്തിൽ പൊതിഞ്ഞ വാക്കുകളും വാചകങ്ങളും ഏവർക്കും ചിരിക്കാനും ചിന്തിക്കാനും അവസരം നൽകി. സദ നിന്ന് ഓരോരുത്തരായി എഴുന്നേറ്റു വന്നു വാക്കുകളും വാചകങ്ങളും ആംഗ്യങ്ങളും കൊണ്ട് ചിരിയുടെ മാല പടക്കത്തിനു തന്നെ തീ കൊളുത്തി എന്ന് പറയാം.
ചിരിക്കാൻ മടി കാണിക്കുന്ന ഏതു മലയാളിയെയും അക്ഷരാർത്ഥത്തിൽ കിറിക്കട്ടു കുത്തിപോലും ചിരിപ്പിച്ചു എന്ന് ചിലർ അവിടെ അഭിപ്രായപ്പെടുകയുണ്ടായി. പൊതുവേ ഗൗരവക്കാരായ ശ്വാസം പിടിച്ചിരിക്കുന്ന ചില മലയാളികളെയും ആ അഭിപ്രായം രസിപ്പിച്ചു. അമേരിക്കൻ മലയാളികളുടെ ദിനചര്യകളെയും, ജീവിത മുഹൂർത്തങ്ങളെയും ഇവിടുത്തെ കൊച്ചു കൊച്ചു സംഘടനകളുടെയും, മെഗാ സംഘടനകളുടെയും പ്രവർത്തനത്തെയും പ്രവർത്തകരെയും ആധാരമാക്കി നർമ്മത്തിലും, ആക്ഷേപഹാസ്യ ഭാവത്തിലും പറഞ്ഞ കൊച്ചു കൊച്ചു കഥകളും വിവരണങ്ങളും ഏവരെയും കുട കുട ചിരിപ്പിച്ചു.
നാട്ടിലുള്ള രാഷ്ട്രീയ നേതാക്കളെയും, അമേരിക്കയിൽ സന്ദർശനത്തിന് എത്തുന്ന ചോട്ടാ ബഡാ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മത നേതാക്കളെ, തോളിൽ കയറ്റിയും, പൊക്കിയെടുത്തും, അലങ്കരിച്ച ലോറിയിൽ കയറ്റിയും, കൊട്ടു കുരവ ചെണ്ടമേളം, താലപ്പൊലിയേന്തിയ പെൺ കൺമണികൾ അകമ്പടിയോടെ, തൊണ്ട തൊറപ്പൻ മുദ്രാവാക്യങ്ങളുമായി എതിരേൽക്കുന്ന രംഗങ്ങളെ പറ്റി ഒക്കെ ചിലർ ആക്ഷേപ ഹാസ്യ രൂപേണ വാചകങ്ങൾ ഫിറ്റ് ചെയ്തു വിതറിയപ്പോൾ എങ്ങനെ ചിരിക്കാതിരിക്കും. അതുപോലെ നാട്ടിലും അമേരിക്കയിലും, സ്വന്തം പണം മുടക്കി തയ്യാറാക്കിവയ്ക്കുന്ന അല്ലെങ്കിൽ വെപ്പിക്കുന്ന സ്വന്തം ഫോട്ടോ കട്ടൗട്ടുകൾ, ഫ്ലക്സ് ബോർഡുകൾ, അതിലെ ഉചിതവും അനുചിതവും അനുഗ്രഹീതവും ആയ പാണന്റെ പുകഴ്ത്തു പാട്ടുകൾ.
പിന്നെ വിവിധതരത്തിലും നിറത്തിലും പൊന്നാടകളും, ബഹുമതി പത്രങ്ങളും, സർട്ടിഫിക്കറ്റുകളും കൂട്ടത്തിൽ ചിലരുടെ പട്ടി ഷോകളെ പറ്റി ഒക്കെ ഉള്ള തമാശ രൂപത്തിലുള്ള നിർദോഷ വാചക കസർത്തുകൾ ഏവരെയും ചിരിയുടെ മായാലോകത്തേക്ക് കൊണ്ടുപോയി. ഭാര്യയുടെ മേൽ ഭർത്താവിന് സന്ദേഹം, ഭാര്യക്കു ഭർത്താവിന്റെ മേൽ സന്ദേഹം, പരസ്പരം പിടിപെട്ടാൽ രക്ഷപ്പെടാനുള്ള പ്രതിവിധികൾ, കുറുക്കുവഴികൾ, മാജിക്കുകൾ അല്ലെങ്കിൽ നാട്ടുമരുന്നുകൾ എല്ലാംകൊണ്ടും ഈ സായംസന്ധ്യ ചിരിയുടെയും പൊട്ടിച്ചിരിയുടെയും, നർമ്മ നിർഭരമായ ഒരു വേദിയായി പരിലസിച്ചു.
സംഘാടക വോളണ്ടിയർ സമിതിയിൽപ്പെട്ട എ.സി.ജോർജ് നർമ്മ ഭാഷയിൽ അവതരിപ്പിച്ച ലഘുവായ ആമുഖത്തിന് ശേഷം നർമ്മവേദിയിലേക്ക് സ്വതന്ത്രമായി ഓരോരുത്തർ അവരുടെ പൊടിക്കൈകളുമായി കടന്നു വരികയായിരുന്നു. പരിപാടികൾക്കിടയിൽ ജോൺ മാത്യു എഴുതിയ "Ages Never End" എന്ന ഇംഗ്ലീഷ് നോവൽ ശ്രീ രാജു മൈലപ്രാക്കു നൽകി പ്രകാശനം ചെയ്തതും ആകർഷകമായി.
ജോർജ് പുത്തൻകുരിശ്, പൊന്നുപിള്ള, ജോസഫ് പോന്നോലി, ടി. എൻ.സാമുവൽ, തോമസ് ചെറുകര, ജോൺ മാത്യു, ബോബി മാത്യു, തോമസ് ഓലിയാൻകുന്നേൽ, ആൻഡ്രൂസ് ജേക്കബ്, നാരായണൻ നായർ, വിജി നായർ, മാത്യു സക്കറിയാ, ജോളി സക്കറിയ, ഷാജി എഡ്വേർഡ്, സിൽവിയ ഫെയ്സൽ, ജെയിംസ് ചാക്കോ മുട്ടുങ്കൽ, നൈനാൻ മാത്തുളള, പുഷ്പ മൈലപ്ര, റോയി തോമസ് തിയോടിക്കൽ, ജോസഫ് ജോസഫ്, അമ്മിണി ജോസഫ്, ചാർലി പടനിലം, ജോസഫ് തച്ചാറ, ജോൺ പി. ചാക്കോ, എസ്. കെ. ചെറിയാൻ, എബ്രഹാം തോമസ്, മേരിക്കുട്ടി തോമസ്, ജോസഫ് ജേക്കബ്, ഫ്രാൻസിസ് ജോസഫ്, മേഴ്സി തോമസ്, ജോർജ്ജ് സാമുവൽ, അബ്ദുൽ പനയിൽ, ജോഷി തേവർ മഠം, എ.സി.ജോർജ് തുടങ്ങിയവർ നർമ്മവേദി ചിരിയരങ്ങിൽ സജീവമായി പങ്കെടുത്തു.
National
ന്യൂഡൽഹി: ഡൽഹി പ്രതിഷേധത്തെത്തുടർന്ന് പൊലിസ് കസ്റ്റഡിയിലെടുത്ത ഐസ നേതാവ് നേഹ ബോറയെ കസ്റ്റഡിയിൽനിന്ന് വിട്ടയച്ചു. സുഹൃത്തുക്കൾ സ്റ്റേഷനിലെത്തി കണ്ടതിന് പിന്നാലെയാണ് നേഹയെ പൊലിസ് വിട്ടയച്ചത്. അതേസമയം, അഭിജിത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു.
കസ്റ്റഡിയിലെടുത്ത നേഹ ബോറയെ ആർകെ പുരം പൊലിസ് സ്റ്റേഷനിലായിരുന്നു എത്തിച്ചത്. നേഹയെ കാണാൻ സുഹൃത്തുക്കളിൽ ഒരാൾക്ക് പൊലിസ് അനുമതി നൽകി. എന്നാൽ അഭിജിത് ദീപ്കയെ കാണാൻ പൊലിസ് അനുവാദം നൽകിയില്ലെന്ന് സിജെപി ആരോപിച്ചു. അഭിജിത് ദീപ്കയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു.
ദീപ്കെയ്ക്കെതിരെ ബിഎൻഎൻഎസ് 126, 170 വകുപ്പ് പ്രകാരം കേസ് എടുത്തുവെന്നും പൊലിസ് വ്യക്തമാക്കി. ഗ്യാനേഷിന്റെ രാജിക്കായി ഡൽഹിയിൽ ഇന്നും സമരം തുടരും. ഇടത് സംഘടനകൾ തിരംഗ മാർച്ച് നടത്തും. സെൻട്രൽ സർക്കിളിൽ അടക്കം കനത്ത സുരക്ഷയാണ് പൊലിസ് ഒരുക്കിയത്.
NRI
വാഷിംഗ്ടൺ: ഫോർട്ട് ഹൂഡ് മിലിട്ടറി ബേസിൽ 13 പേരുടെ മരണത്തിനിടയാക്കിയ മുൻ ആർമി മേജർ നിദാൽ ഹസന്റെ വധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യാനുള്ള പ്രതിരോധ വകുപ്പിന്റെ പദ്ധതി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റദ്ദാക്കി. റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളും മതനേതാക്കളും പൊതുജനങ്ങളും എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നാണ് ട്രംപിന്റെ ഇടപെടൽ.
ഡിസംബർ 3നാണ് നിദാൽ ഹസന്റെ വധശിക്ഷ ഫയറിംഗ് സ്ക്വാഡ് വഴി നടപ്പാക്കാൻ നിശ്ചയിച്ചിരിക്കുന്നത്. ശിക്ഷാവിധി തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന പെന്റഗൺ മേധാവി പിറ്റ് ഹെഗ്സെത്തിന്റെ പ്രഖ്യാപനമാണ് ട്രംപ് തിരുത്തിയത്. പ്രസിഡന്റും പ്രതിരോധ സെക്രട്ടറിയും തമ്മിലുള്ള അപൂർവുമായ പരസ്യ അഭിപ്രായവ്യത്യാസമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. എങ്കിലും ഇരുവരും തമ്മിൽ പൂർണ യോജിപ്പാണെന്ന് പെന്റഗൺ വ്യക്തമാക്കി.
ശിക്ഷ നടപ്പാക്കുന്നത് നേരിട്ട് കാണാൻ ഇരകളുടെ കുടുംബാംഗങ്ങൾക്ക് അനുവാദമുണ്ടാകും. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഡിസംബർ 3-ന് തന്നെ വധശിക്ഷ നടപ്പാക്കുമെന്നും എന്നാൽ അത് തത്സമയം സംപ്രേക്ഷണം ചെയ്യില്ലെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
NRI
ഡബ്ലിൻ: സാങ്കേതിക തകരാർ മൂലം അയർലൻഡിൽ വിവിധ കമ്പനികളുടെ ഗ്യാസ് ഉപഭോക്താക്കൾക്ക് വൻ തുകയുടെ തെറ്റായ ബില്ല് ലഭിച്ചു. ഒക്ടോബർ 9 മുതൽ 12 വരെ രേഖപ്പെടുത്തിയിട്ടുള്ള മീറ്റർ റീഡിംഗിൽ പത്തിരട്ടിയിലേറെ വരെയാണ് ബില്ല് വന്നത്.
ഗ്യാസ് നെറ്റ്വർക്ക് അയർലൻഡ് ഇക്കാര്യം സ്ഥിരീകരിക്കുകയും ഉപഭോക്താക്കളോട് ക്ഷമാപണം നടത്തുകയും ചെയ്തു. രാജ്യത്തുടനീളം പിഴവുകൾ കണ്ടെത്തിയ സാഹചര്യത്തിൽ പുതിയ ബില്ലുകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
പുതിയതായി അമിത ബില്ല് വന്നിട്ടുള്ളവർ തങ്ങളുടെ ഗ്യാസ് വിതരണ കമ്പനിയുമായി ഉടനെ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
അമിത തുക വന്നവരുടെ ബില്ലുകൾ പരിശോധിക്കുമെന്നും ഇതുവഴി ഇവർക്ക് സാമ്പത്തിക നഷ്ടം ഉണ്ടാവില്ലെന്ന് കമ്പനി അധികൃതർ അറിയിച്ചു.
ഓഗസ്റ്റ് പകുതി മുതൽ ഒക്ടോബർ പകുതി വരെയുള്ള ബില്ലുകളിലാണ് രാജ്യത്ത് വ്യാപകമായ വ്യത്യാസം കണ്ടെത്തിയത്.
പല ഗ്യാസ് വിതരണക്കാരും ബിൽ നൽകിയതിന് 14 ദിവസത്തിന് ശേഷം, ബിൽ തുക ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഡയറക്ട് ഡെബിറ്റ് വഴി സ്വയമേവ ഈടാക്കാറുണ്ട്. ഇത്തരക്കാർ ഉടനെ അതത് കമ്പനികളുമായി ബന്ധപ്പെടേണ്ടതാണ്.
NRI
ദോഹ: അഭിനയത്തികവുകൊണ്ടും വ്യക്തിത്വത്തിന്റെ മഹിമകൊണ്ടും സിനിമാപ്രേമികളെ വിസ്മയിപ്പിച്ച മഹാനടനായിരുന്നു പ്രേം നസീറെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകന് തുളസീദാസ് അഭിപ്രായപ്പെട്ടു.
പ്രേം നസീര് സുഹൃത് സമിതി ദോഹയിലെ മജാസ് റസ്റ്റോറന്റ് ഹാളില് സംഘടിപ്പിച്ച പ്രേം നസീര് അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമാപ്രവര്ത്തകരെയും ആസ്വാദകരെയും ഒരുപോലെ പരിഗണിക്കുകയും എല്ലാവരെയും സ്നേഹത്തോടെ ചേര്ത്തുനിര്ത്തുകയും ചെയ്ത പ്രേം നസീറിന്റെ ജീവിതം പ്രചോദനാത്മകവും അനുകരണീയവുമായിരുന്നു. വ്യക്തിബന്ധങ്ങള്ക്ക് വലിയ പ്രാധാന്യം നല്കിയിരുന്ന അദ്ദേഹത്തിന്റെ പെരുമാറ്റവും സഹജീവികളോടുള്ള കരുതലും എക്കാലവും മാതൃകയാക്കാവുന്നതാണെന്നും തുളസീദാസ് പറഞ്ഞു.
സഹസംവിധായകനായി താന് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത് പ്രേം നസീര് അഭിനയിച്ച സിനിമയിലൂടെയായിരുന്നു. സിനിമാജീവിതത്തിന്റെ തുടക്കത്തില്ത്തന്നെ അദ്ദേഹത്തോടൊപ്പം പ്രവര്ത്തിക്കാന് കഴിഞ്ഞത് വിലപ്പെട്ട അനുഭവമായിരുന്നു. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അനായാസം അവതരിപ്പിച്ച് സിനിമയെയും ജീവിതത്തെയും ഒരുപോലെ ആഘോഷമാക്കിയ കലാകാരനായിരുന്നു പ്രേം നസീറെന്നും അദ്ദേഹം അനുസ്മരിച്ചു.
മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര ചടങ്ങില് അധ്യക്ഷത വഹിച്ചു. പ്രേം നസീര് സുഹൃത് സമിതി സംസ്ഥാന ജനറല് സെക്രട്ടറി തെക്കന്സ്റ്റാര് ബാദുഷ, ഖത്തര് ബിസിനസ് ഫോറം (കെബിഎഫ്) പ്രസിഡന്റ് ഷഹീന് മുഹമ്മദ് ഷാഫി എന്നിവര് സംസാരിച്ചു.
പ്രേം നസീറിന്റെ അഭിനയമികവും വ്യക്തിജീവിതത്തിലെ മഹത്തായ മൂല്യങ്ങളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം അദ്ദേഹത്തിന്റെ ഓര്മകള് പ്രവാസലോകത്ത് സജീവമായി നിലനിര്ത്തുന്നതിനും അനുസ്മരണച്ചടങ്ങ് വേദിയായി.
Kerala
വാൽപാറ: വീടിന്റെ വരാന്തയിൽ അവശനിലയിൽ പുള്ളിപ്പുലിയെ കണ്ടെത്തി. ഷോളയാർ ഡാമിനു സമീപം ചിന്ന കല്ലാറിൽ ശേഖറിന്റെ വീടിന്റെ വരാന്തയിലാണു പുലിയെ കണ്ടത്. ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചതിനെത്തുടർന്ന് ഡിഎഫ്ഒ ദേവേന്ദ്ര കുമാറിന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് അധികൃതരെത്തി പരിശോധിച്ചപ്പോഴാണ് ജീവനുണ്ടെന്നു വ്യക്തമായത്.
തുടർന്ന് പുലിയുടെ ചികിത്സയ്ക്കു വേണ്ട നടപടികൾ സ്വീകരിച്ചു. നാലു വയസുള്ള പുലിയെ ആരോഗ്യം വിണ്ടെടുത്തശേഷം വനത്തിൽ തുറന്നുവിടും.
NRI
ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്ഫർട്ടിൽ വിമാന ഇന്ധനം (Kerosin) ശേഖരത്തിൽ കടുത്ത ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്.
വിമാനത്താവളത്തിൽ ഇന്ധനം തീർന്നുപോകുമെന്ന സാഹചര്യം ഉടലെടുത്തതോടെ ജർമനിയുടെ മുൻനിര വിമാനക്കമ്പനിയായ ലുഫ്താൻസ തങ്ങളുടെ പൈലറ്റുമാർക്ക് അസാധാരണമായ നിർദേശം നൽകി. മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് പറക്കുന്ന വിമാനങ്ങളിൽ ആവശ്യമുള്ളതിലും കൂടുതൽ ഇന്ധനം നിറച്ചുകൊണ്ടുവരണമെന്നാണ് എയർലൈൻ ഉത്തരവിട്ടിരിക്കുന്നത്.
വിമാന സർവീസുകൾ മുടങ്ങാതിരിക്കാൻ 'ഫ്യൂവൽ ടാങ്കറിംഗ്' (Fuel Tankering) എന്നറിയപ്പെടുന്ന അടിയന്തര നടപടിയാണ് ലുഫ്താൻസ സ്വീകരിച്ചിരിക്കുന്നത്.
സാധാരണയായി ഒരു യാത്രയ്ക്ക് ആവശ്യമായ ഇന്ധനവും മുൻകരുതൽ ശേഖരവും മാത്രമാണ് വിമാനങ്ങളിൽ നിറയ്ക്കാറുള്ളത്. എന്നാൽ ഫ്രാങ്ക്ഫർട്ടിലെ ഇന്ധനക്ഷാമം മറികടക്കാൻ, അവിടെ നിന്നുള്ള അടുത്ത സർവീസിനാവശ്യമായ ഇന്ധനം കൂടി മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് തന്നെ സംഭരിച്ചു പറക്കാനാണ് പൈലറ്റുമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
വിമാനങ്ങൾ റദ്ദാക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനും സർവീസുകൾ സാധാരണ നിലയിൽ മുന്നോട്ട് കൊണ്ടുപോകാനുമാണ് ഈ മുന്നൊരുക്കമെങ്കിലും, അധിക ഇന്ധനം വഹിച്ച് പറക്കുന്നത് വിമാനത്തിന്റെ ഭാരം വർധിപ്പിക്കുകയും കമ്പനിക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുകയും ചെയ്യും.
NRI
ന്യുയോർക്ക്: വാർത്തകൾക്കപ്പുറം സമൂഹത്തിന്റെ ചിന്തകളെയും കാലത്തിന്റെ മാറ്റങ്ങളെയും അടയാളപ്പെടുത്തുന്ന മാധ്യമപ്രവർത്തന മികവിന് ആദരമൊരുക്കി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക. കേരളത്തിലെ ശ്രദ്ധേയ മാധ്യമ പുരസ്കാരരാവായി വിശേഷിപ്പിക്കപ്പെടുന്ന മാധ്യമശ്രീ, മാധ്യമരത്ന പുരസ്കാര വിതരണ ചടങ്ങിൽ മാധ്യമരംഗത്തെ പ്രതിഭകളെ ആദരിക്കുമെന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് രാജു പള്ളത്ത് അറിയിച്ചു.
മാധ്യമശ്രീ ജേതാവിന് ഒരു ലക്ഷം രൂപയും പ്രശംസാഫലകവും മാധ്യമരത്ന ജേതാവിന് 50,000 രൂപയും പ്രശംസാഫലകവുമാണ് സമ്മാനിക്കുക. പുരസ്കാരങ്ങൾക്കായി നവംബർ 30 വരെ നാമനിർദേശം സമർപ്പിക്കാം.
മാധ്യമപ്രവർത്തനത്തിലെ സമഗ്ര സംഭാവനയ്ക്കു പുറമെ, അച്ചടി, ഓൺലൈൻ മാധ്യമങ്ങളിലെ മികച്ച വാർത്താ കവറേജ്, ഫീച്ചറുകൾ, ന്യൂസ് ഫോട്ടോ എന്നിങ്ങനെ പുരസ്കാരങ്ങൾ സമ്മാനിക്കും.
ടെലിവിഷൻ വിഭാഗത്തിൽ വാർത്താ അവതാരകൻ/അവതാരക, അന്വേഷണാത്മക വാർത്ത എന്നിവയും പുരസ്കാരത്തിനായി പരിഗണിക്കും. ഓൺലൈൻ മാധ്യമങ്ങളിലെ ലേഔട്ടിനും അവതരണത്തിനും യുവ മാധ്യമപ്രവർത്തകനും പ്രത്യേക അംഗീകാരം നൽകും.
അച്ചടി, ദൃശ്യ മാധ്യമരംഗങ്ങളിൽ മികവ് തെളിയിച്ചവരുടെ പ്രവർത്തനമികവിനൊപ്പം മാധ്യമരംഗത്തിന് നൽകിയ സംഭാവനകളും പരിഗണിച്ചാണ് മാധ്യമശ്രീ, മാധ്യമരത്ന പുരസ്കാരജേതാക്കളെ തെരഞ്ഞെടുക്കുന്നത്.
പ്രശസ്ത മാധ്യമപ്രവർത്തകരും വിദഗ്ധരും അടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. മലയാള മനോരമ എഡിറ്റോറിയൽ മുൻ ഡയറക്ടർ തോമസ് ജേക്കബ്, പ്രശസ്ത കാൻൻസർ രോഗ വിദഗ്ധനും എഴുത്തുകാരനുമായ ഡോ. എം.വി. പിള്ള, മുതിർന്ന മാധ്യമപ്രവർത്തകനും കോളമിസ്റ്റുമായ ജോസ് പനച്ചിപ്പുറം എന്നിവരാണ് ജൂറി അംഗങ്ങൾ.
2027 ജനുവരി എട്ടിന് വൈകിട്ട് അഞ്ചിന് കൊച്ചിയിലെ ഗോകുലം പാർക്ക് ഹോട്ടൽ കൺവൻഷൻ സെന്ററിലാണ് പുരസ്കാരദാനം. മാധ്യമ, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
മാധ്യമപ്രവർത്തകർക്ക് സ്വന്തമായോ മറ്റുള്ളവർ മുഖേനയോ നാമനിർദേശങ്ങൾ സമർപ്പിക്കാം. ഇതിനായി www.indiapressclub.org/nominationഎന്ന വെബ്സൈറ്റിലെ ഓൺലൈൻ ഫോം പൂരിപ്പിക്കണം. അനുബന്ധ പത്രവാർത്തകൾ, ചിത്രങ്ങൾ, വിഡിയോകൾ എന്നിവയും ഓൺലൈനായി അപ്ലോഡ് ചെയ്യാം. നവംബർ 30-നകം ലഭിക്കുന്ന നാമനിർദേശങ്ങൾ മാത്രമേ പരിഗണിക്കൂ.
കൂടുതൽ വിവരങ്ങൾക്ക് :
രാജു പള്ളത്ത് (732) 429-9529, അനിൽ ആറന്മുള (713) 882-7272,
ജയൻ ജോസഫ് (215) 744-7242
വിശദവിവരങ്ങൾക്ക് "ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഔദ്യോഗിക വെബ്സൈറ്റ്" (https://www.indiapressclub.org/) സന്ദർശിക്കാം.
NRI
ബോഹും: പടിഞ്ഞാറന് ജര്മ്മന് നഗരമായ ബോഹുമിലെ റെസിഡന്ഷ്യല് അപ്പാര്ട്ട്മെന്റിലുണ്ടായ വന് തീപിടിത്തത്തില് ദാരുണമായി ജീവന് നഷ്ടപ്പെട്ട മൂന്ന് ഇന്ത്യന് പൗരന്മാരും മലയാളികളാണെന്ന് തിരിച്ചറിഞ്ഞു. കൊല്ലം, എറണാകുളം, ഇടുക്കി സ്വദേശികളായ യുവതീയുവാക്കളാണ് ജര്മ്മനിയെയും ജന്മനാടിനെയും ഒരുപോലെ കണ്ണീരിലാഴ്ത്തി വിടപറഞ്ഞത്. രണ്ടാഴ്ച മുന്പ് മാത്രം ഒരുമിച്ച് താമസത്തിനെത്തിയ ഫ്ലാറ്റില് അയല്വാസി നടത്തിയ മനഃപൂര്വ്വമുള്ള തീവയ്പ്പിലാണ് ഈ മൂന്ന് പ്രവാസി മലയാളി കുടുംബങ്ങളുടെയും പ്രതീക്ഷകള് എരിഞ്ഞടങ്ങിയത്.
കൊല്ലം ചാമക്കട അശ്വിന് ഭവനത്തില് ജോയിയുടെയും ഷീലയുടെയും മകളാണ് അഞ്ജലി ജോയ് (25). അഞ്ജലി ഈ വര്ഷം ജൂലൈയിലാണ് ജര്മനിയിലേക്ക് ജോലിക്കായി എത്തിയത്. അവിടെ സ്വകാര്യ കമ്പനിയുടെ വെയര്ഹൗസ് സര്വീസില് ആയിരുന്നു ജോലി. ബിഎഡ് ബിരുദധാരിയാണ്. സഹോദരി: അശ്വനി എസ് ജോയ്.
എറണാകുളം കാലടി മാണിക്കമംഗലം കൊണൂരാന് ഹൗസില് ജോണി ഔസേപ്പിന്റെയുംപരേതയായ ലിസിയുടെ മകളാണ് സിവിന് ജോണി (26).
ഹോട്ടല് റസ്റ്റോറന്റ് മേഖലയില് ജോലി തേടി എത്തിയതായിരുന്നു സിവിന്.
ഇടുക്കി ശാന്തിഗ്രാം കൊച്ചേടത്ത് ഹൗസില് റിട്ട. എസ്.ഐ സാബുവിന്റെയും ജ്യോതിയുടെയും മകളാണ് നോവ സാബു. ജ്യോതി ആരോഗ്യവകുപ്പ് ജീവനക്കാരിയാണ്.ഒരു സഹോദരനുണ്ട്. നാട്ടില് ജിം ട്രെയിനറായി ജോലി ചെയ്തിരുന്ന നോവ ആറുമാസം മുമ്പാണ് ജര്മനിയിലെത്തിത്. തുടര്ന്ന് ഇവിടെ ട്രെയിനറായി ജോലി ചെയ്തുവരികയായിരുന്നു.
ജോലിക്കായി ജര്മനിയിലെത്തിയ ഇവര് മൂവരും ബോഹും ഹോഫ്സ്റെറഡെ മേഖലയിലെ പോസ്ററ്സ്ട്രാസെയിലുള്ള റെസിഡന്ഷ്യല് കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഫ്ലാറ്റില് രണ്ടാഴ്ച മുന്പാണ് ഒരുമിച്ച് താമസം തുടങ്ങിയത്.
രക്ഷാമാര്ഗം തടസപ്പെട്ടു; വിഷപ്പുക ശ്വസിച്ച് ദാരുണാന്ത്യം
ചൊവ്വാഴ്ച പുലര്ച്ചെ 4.15ഓടെയാണ് കെട്ടിടത്തില് നാടിനെ നടുക്കിയ അഗ്നിബാധയുണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഇടനാഴിയില് സൂക്ഷിച്ചിരുന്ന കുട്ടികളുടെ സ്ട്രോളറുകള്ക്ക് തീയിട്ടതിനെ തുടര്ന്ന്, മുകളിലേക്ക് കയറാനുള്ള തടി കൊണ്ടുള്ള പ്രധാന കോവണിപ്പടിയിലേക്ക് തീ അതിവേഗം ആളിപ്പടരുകയായിരുന്നു.
കെട്ടിടത്തില് നിന്നുള്ള ഏക രക്ഷാമാര്ഗമായ കോവണി കത്തിയമരുകയും ഇടനാഴിയിലാകെ വിഷപ്പുകയും കടുത്ത ചൂടും നിറഞ്ഞതോടെ മുകള്നിലയിലുണ്ടായിരുന്ന ഇവര്ക്ക് പുറത്തേക്ക് കടക്കാനായില്ല. അഗ്നിശമന സേന എത്തുമ്പോഴേക്കും കെട്ടിടം പൂര്ണമായി പുകയില് മൂടിയിരുന്നു. ജനലുകള് വഴി രക്ഷാപ്രവര്ത്തകര് മറ്റ് അഞ്ച് താമസക്കാരെ സാഹസികമായി രക്ഷപ്പെടുത്തിയെങ്കിലും, രണ്ടാം നിലയിലെ ഫ്ലാറ്റിനുള്ളില് അകപ്പെട്ടുപോയ മലയാളികളായ മൂവരെയും രക്ഷിക്കാനായില്ല.
തീ നിയന്ത്രണവിധേയമാക്കിയ ശേഷം അകത്തുകടന്ന രക്ഷാപ്രവര്ത്തകര് മൂവരെയും അബോധാവസ്ഥയിലാണ് കണ്ടെത്തിയത്. കൃത്രിമ ശ്വാസോച്ഛ്വാസം നല്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന് പരമാവധി ശ്രമിച്ചെങ്കിലും സംഭവസ്ഥലത്തു വച്ചുതന്നെ ജീവന് നഷ്ടപ്പെടുകയായിരുന്നു.
മനഃപൂര്വമുള്ള തീവയ്പ്; 41കാരനായ അയല്വാസി കസ്റ്റഡിയില്
ഷോര്ട്ട് സര്ക്യൂട്ട് ഉള്പ്പെടെയുള്ള സാങ്കേതിക തകരാറുകള് ഒന്നും അപകടത്തിന് കാരണമായിട്ടില്ലെന്ന് ഫോറന്സിക്~അഗ്നിശമന വിദഗ്ദ്ധരുടെ പരിശോധനയില് സ്ഥിരീകരിച്ചു. മനഃപൂര്വം തീവച്ചതാണെന്ന ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില് ഇതേ കെട്ടിടത്തില് താമസിക്കുന്ന 41~കാരനായ അയല്വാസിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതക കുറ്റത്തിന് ഹോമിസൈഡ് സ്ക്വാഡ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മുന്പുണ്ടായ എന്തെങ്കിലും തര്ക്കങ്ങളാണോ ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേ കെട്ടിടത്തില് തന്നെ താമസിക്കുന്ന 41~കാരനായ അയല്വാസിയാണ് ഇയാളെന്നും, കൊലപാതക അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്നും മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര് നിലവില് വ്യക്തമാക്കിയിട്ടുള്ളത്. ഇയാള് റൊമാനിയന് പൗരനാണെന്ന തരത്തിലുള്ള വിവരങ്ങള് പ്രാദേശികമായോ സംസാരങ്ങളിലോ പ്രചരിക്കുന്നുണ്ടാകാമെങ്കിലും, പോലീസ് ഇത് രേഖാമൂലം സ്ഥിരീകരിക്കുകയോ വാര്ത്താക്കുറിപ്പില് വ്യക്തമാക്കുകയോ ചെയ്തിട്ടില്ല.അന്വേഷണം പുരോഗമിക്കുന്ന ഘട്ടമായതിനാല് കൂടുതല് വ്യക്തിഗത വിവരങ്ങള് വരും ദിവസങ്ങളില് പോലീസ് പുറത്തുവിട്ടേക്കും.
നടപടികള് ഏകോപിപ്പിച്ച് എംബസിയും സംഘടനകളും
നാട്ടിലുള്ള കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്. മൃതദേഹങ്ങള് ഔദ്യോഗിക നടപടിക്രമങ്ങള് പൂര്ത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനായി ജര്മനിയിലെ ഇന്ത്യന് എംബസി അധികൃതരും ലോക കേരള സഭ പ്രതിനിധികളും, ജര്മനിയിലെ നോര്ക്ക കോഓര്ഡിനേ0ഷന് കൗണ്സിലും, മലയാളി കൂട്ടായ്മകളും രംഗത്തുണ്ട്. യുവമലയാളി അപ്രതീക്ഷിത വേര്പാട് ജര്മനിയിലെ പ്രവാസി സമൂഹത്തില് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
NRI
ചാലക്കുടി : പടിഞ്ഞാറെ ചാലക്കുടി തരകന് പോള്സന് മകന് സായന്ത് സോനു (21) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച പടിഞ്ഞാറെ ചാലക്കുടി നിത്യസഹായമാത ദേവാലയത്തില് നടത്തി. അമ്മ: സ്വപ്ന, സഹോദരി: സന മരിയ.
കഴിഞ്ഞ വര്ഷം പഠനത്തിനായി ജര്മനിയിലെത്തിയ സായന്തിനെ കാണാതാവുകയും തുടര്ന്ന് കെംനിറ്റ്സ് നഗരത്തിലെ അപ്പാര്ട്ട്മെന്റിനുള്ളിൽ മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു. സ്വാഭാവിക മരണമെന്നാണ് പൊലിസ് സ്ഥിരീകരിച്ചത്.
NRI
ടെക്സസ്: ഒക്ലഹോയിൽ കാണാതായ നാലു വയസുകാരനെയും പിതാവിനെയും ടെക്സസിലെ ഗെയ്ൻസ് വില്ലയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒക്ലഹോമ സിറ്റിയിൽ നിന്നുള്ള കാലെബ് ഫർലിയെയും മകൻ ആൻഡ്രെസ് 'ഹാരി' ഫർലിയെയുമാണ് ബുധനാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച അമ്മയുമായുള്ള കുട്ടിയുടെ കൈമാറ്റത്തിന് പിതാവ് എത്താതിരുന്നതിനെ തുടർന്ന് കുട്ടിക്കായി പൊലിസ് തെരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്ന് പിതാവിനെതിരെ കുട്ടിയെ തട്ടിക്കൊണ്ടുപോകൽ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു.
തിങ്കളാഴ്ച ഇരുവരെയും ഗെയ്ൻസ് വില്ലയിലെ ഒരു പ്രാദേശിക സ്ഥാപനത്തിന് സമീപം കണ്ടതായി ബന്ധുക്കൾ പൊലിസിനെ അറിയിച്ചിരുന്നു. ബുധനാഴ്ച രാവിലെ പൊലിസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പിതാവും കുട്ടിയും നടക്കുന്ന ദൃശ്യങ്ങൾ വ്യക്തമായത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മാനസിക പ്രശ്നങ്ങൾ കാലെബിനുണ്ടായിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. സംഭവത്തിൽ പൊലിസ് അന്വേഷണം പുരോഗമിക്കുകയാണ്.
NRI
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ഏക്കർ ഹോംസ് ഏരിയയിലെ ഒബ്സർവേറ്ററി തെരുവിൻ്റെ 8500 ബ്ലോക്കിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരു തൊഴിലാളി മരിച്ചു. മറ്റൊരു തൊഴിലാളിയ്ക്ക് പരിക്കേറ്റു.
ഒരു തൊഴിലാളി സംഭവസ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടു. പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ പരിക്കിൻ്റെ വ്യാപ്തി വ്യക്തമല്ല.
മരങ്ങളുടെ ഇടയിലേക്ക് ബക്കറ്റ് ട്രക്ക് ഉയർത്തുന്നതിനിടയിലാണ് അപകടമുണ്ടായത്. മരത്തടികൾക്കിടയിൽ വൈദ്യുതി ലൈനുകൾ ഉണ്ടായിരുന്നെങ്കിലും ഇത് പെട്ടെന്ന് കാണാൻ കഴിഞ്ഞിരുന്നില്ല. ട്രക്കിൻ്റെ ബക്കറ്റ് മുകളിലേക്ക് ഉയർത്തിയപ്പോഴാണ് ഷോക്കേറ്റത്.
തൊഴിലാളികൾ എന്ത് ജോലിയാണ് ചെയ്തുകൊണ്ടിരുന്നതെന്നോ ഏത് കമ്പനിയിലെ ജീവനക്കാരാണെന്നോ ഉള്ള വിവരങ്ങൾ ഹൂസ്റ്റൺ ഫയർ ഡിപ്പാർട്ട്മെൻ്റ് (HFD) ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇവർ സ്വകാര്യ കരാർ തൊഴിലാളികളാകാം എന്നാണ് പ്രാഥമിക നിഗമനം.
NRI
ലണ്ടൻ: ബ്രിട്ടനിൽ പ്രതിഷേധത്തിനിടയിൽ മുഖം മറയ്ക്കാൻ ബുർഖ ധരിച്ച കേസിൽ അറസ്റ്റിലായ 76 കാരൻ, വിചാരണയ്ക്കും അതേ വേഷത്തിൽ കോടതിയിലെത്തി. സൗതാംപ്ട്ടണിൽ നിന്നുള്ള ടിമോത്തി മില്ലറാണ് പോർട്ട്സ്മൗത്ത് മജിസ്ട്രേറ്റ് കോടതിയിൽ ബുർഖ ധരിച്ചെത്തിയത്.
12-ന് പോർട്ട്സ്മൗട്ടിൽ നടന്ന കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തിനിടയിലാണ് ഇയാൾ അറസ്റ്റിലായത്. ഇസ്ലാം മതത്തെക്കുറിച്ച് പഠിക്കുന്നതിന്റെ ഭാഗമായാണ് താൻ ബുർഖ ധരിച്ചതെന്നും, മതത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഇത് സഹായിക്കുമെന്നും ഇയാൾ കോടതിയിൽ വാദിച്ചു.
കുറ്റക്കാരനാണോയെന്ന ചോദ്യത്തിന് 'കുറ്റക്കാരനല്ല' എന്ന് മറുപടി നൽകിയ ഇയാൾ കേസിൽ ഫെബ്രുവരി 16-ലേക്ക് വിചാരണ മാറ്റിവച്ചു.
NRI
ഫ്ലോറിഡ: വധശിക്ഷ ലഭിക്കാൻ വേണ്ടി സ്വന്തം സഹ തടവുകാരനെ കൊലപ്പെടുത്തിയ ജെയിംസ് റോബർട്ട്സൺ (63) എന്ന തടവുകാരന്റെ വധശിക്ഷ ചൊവ്വാഴ്ച ഫ്ലോറിഡയിൽ നടപ്പാക്കി. ഫ്ലോറിഡ സ്റ്റേറ്റ് പ്രിസണിൽ മാരകമായ വിഷാംശം അടങ്ങിയ മൂന്ന് മരുന്നുകൾ കുത്തിവച്ചാണ് ശിക്ഷ നടപ്പാക്കിയത്.
മാരകമായ ഇഞ്ചക്ഷൻ നൽകിത്തുടങ്ങി ഏകദേശം 10 മിനുട്ടിനുള്ളിൽ അദ്ദേഹം മരിച്ചതായി പ്രഖ്യാപിച്ചു. ഫ്ലോറിഡ സംസ്ഥാനത്ത് ഈ വർഷം നടക്കുന്ന 17-ാമത്തെ വധശിക്ഷയാണിത്. 2008-ൽ ഉറങ്ങിക്കിടക്കുകയായിരുന്ന സഹ തടവുകാരൻ ഫ്രാങ്ക് ഹാർട്ടിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ റോബർട്ട്സൺ കുറ്റക്കാരനാണെന്ന് തെളിഞ്ഞിരുന്നു.
ജീവിതാവസാനം വരെ ജയിലിൽ കഴിയുന്നതിനേക്കാൾ ഭേദം വധശിക്ഷയാണെന്ന് കരുതിയാണ് താൻ കൊലപാതകം നടത്തിയതെന്ന് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിരുന്നു. ശിക്ഷാവിധിക്കെതിരെയുള്ള അപ്പീലുകളെല്ലാം ഇയാൾ പിൻവലിക്കുകയും ചെയ്തിരുന്നു. വധശിക്ഷയ്ക്ക് തൊട്ടുമുമ്പ് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ, "വേണ്ട, എനിക്ക് കുഴപ്പമൊന്നുമില്ല" എന്നായിരുന്നു റോബർട്ട്സന്റെ മറുപടി.
NRI
ന്യൂയോർക്ക്: കാൽനൂറ്റാണ്ടിലധികം അമേരിക്കയിലെ സീറോ മലബാർ വിശ്വാസികൾക്കായി സേവനം ചെയ്ത റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ രണ്ടാമത് അനുസ്മരണവും ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ചാരിറ്റി ഡിന്നറും നവംബർ 14 ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ വച്ചു നടത്തപ്പെടും.
വൈകുന്നേരം നാലിന് ആരംഭിക്കുന്ന വിശുദ്ധ കുർബ്ബാനയ്ക്ക് ഷിക്കാഗോ രൂപത മുൻ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാർമ്മികത്വം വഹിക്കും. ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വടാന, റവ. ഫാ. തദേവൂസ് അരവിന്ദത്ത്, റവ. ഫാ. ജോൺസ്റ്റി തച്ചറ, റവ. ഫാ. ഫ്രാൻസിസ് നമ്പ്യാപറമ്പിൽ എന്നിവർ സഹകാർമ്മികരും ആയിരിക്കും. തുടർന്നു പാരിഷ് ഹാളിൽ നടക്കുന്ന ജോസച്ചൻ അനുസ്മരണം മാർ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്യും.
ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ധന്യമായ ഓർമ്മയും പൈതൃകവും വരുംതലമുറയ്ക്ക് പ്രചോദനമാകും വിധം നിലനിർത്തുന്നതിനുവേണ്ടി രൂപീകരിച്ച ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷൻ, ദൈവ വിളികൾ പ്രോത്സാഹിപ്പിക്കുക, വൈദിക വിദ്യാർഥികളെ സഹായിക്കുക, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠന സഹായം എത്തിക്കുക, അതുപോലെ വൃക്ക രോഗികൾക്ക് ചികിത്സാ സഹായം നൽകുക തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നു.
ചാരിറ്റി ഡിന്നറിലൂടെ സമാഹരിക്കുന്ന തുക പൂർണമായും ഈ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതാണ്. നോൺ പ്രോഫിറ്റ് ഓർഗനൈസഷനായി ഡിപ്പാർട്മെൻറ് ഓഫ് സ്റ്റേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള "ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷനു 501(സി)(3) സ്റ്റാറ്റസും ലഭിച്ചിട്ടുണ്ട്. ഫൗണ്ടേഷൻ്റെ ഔപചാരികമായ ഉദ്ഘാടനം, ജോസച്ചന്റെ ഒന്നാം ചരമവാർഷിക ആചരണത്തിൽ വച്ച് ബിഷപ്പ് മാർ ജോയ് ആലപ്പാട്ടാണ് നിർവ്വഹിച്ചത്.
11 അംഗ ഡയറക്ടർ ബോർഡാണ് ഫൗണ്ടേഷൻ്റെ ഭരണച്ചുമതല വഹിക്കുന്നത്. ഷോളി കുമ്പിളുവേലി (ചെയർമാൻ), ബിജു കാപ്പുകാട്ട് (സെക്രട്ടറി), ജോസഫ് കാഞ്ഞമല സിപിഎ (ട്രഷറർ), കൂടാതെ ടോം പെരുമ്പായിൽ (സോമർസെറ്റ്, ന്യൂജേഴ്സി), ബാബു ജോസഫ് സി.പി.എ. (പാറ്റേഴ്സൺ , ന്യൂജേഴ്സി), ജേക്കബ് ചൂരവടി (റോക്ലാൻഡ്, ന്യൂയോർക്ക്), പൈലപ്പൻ കണ്ണൂക്കാടൻ (ഷിക്കാഗോ), ടോം വി. തോമസ് (സ്റ്റാറ്റൻ ഐലൻഡ്, ന്യൂയോർക്ക്), ലാലി കളപ്പുരക്കൽ (ലോങ്ങ് ഐലൻഡ്, ന്യൂയോർക്ക്), ഷേർലി അടാട്ട് (ബ്രോങ്ക്സ്, ന്യൂയോർക്ക്), ജോൺ വാളിപ്ലാക്കൽ (ബ്രോങ്ക്സ്, ന്യൂയോർക്ക്) എന്നിവർ നിലവിൽ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു.
ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ഹൃസ്വ ജീവചരിത്രം
1945 മേയ് 30 പാലക്കാട്ട് ജില്ലയിലെ കാഞ്ഞിരപ്പുഴ- കണ്ടത്തിക്കുടി ജോൺ-ത്രേസ്യകുട്ടി ദമ്പതികളുടെ മൂത്ത മകനായി ജനിച്ച ഫാ. ജോസ്, 1962ൽ തലശ്ശേരി മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്നു വടവാതൂർ സെമിനാരിയിലും റോമിലെ അർബൻ യൂണിവേഴ്സിറ്റിയിലും വൈദിക പഠനം പൂർത്തിയാക്കി, 1971 മാർച്ച് 27 -)o തീയതി വത്തിക്കാനിൽവച്ചു കർദ്ദിനാൾ ആഗ്നെലോ റോസ്സിയിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ചു.
1973 ൽ കേരളത്തിൽ തിരിച്ചെത്തി, തലശ്ശേരി- മണിമൂളി ഇടവകയിൽ അസിസ്റ്റൻറ് വികാരിയായി ശുശ്രൂഷ ആരംഭിച്ച ജോസച്ചൻ, കൽപറ്റ, ചാരിറ്റി, ഒലിവുമല, എടപ്പെട്ടി, പൊഴമുടി തുടങ്ങിയ ഇടവകകളിൽ വികാരിയായി സേവനം ചെയ്തിട്ടുണ്ട്. കൂടാതെ തമിഴ്നാട്ടിലെ, കൂനൂർ, ബാർലിയർ, വരുവൻകാടു എന്നിവിടങ്ങളിൽ ഇടവകകൾ സ്ഥാപിക്കുകയും വികാരിയായി സേവനവും ചെയ്തു.
തലശ്ശേരി- മാനന്തവാടി രൂപതകളിലെ വിവിധ ആദ്ധ്യാത്മിക മേഖലകളിലും ജോസച്ചൻ പ്രവർത്തിച്ചിട്ടുണ്ട്. മാനന്തവാടി സെന്റ് ജോസഫ്'സ് പ്രസ് മാനേജർ, മാനന്തവാടി രൂപതയുടെ ചാൻസലർ, മതബോധന ഡയറക്ടർ, ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടർ, സെന്റ് ജോസഫ് ഹോസ്പിറ്റൽ ഡയറക്ടർ, തൂങ്കുഴി പിതാവിൻ്റെ സെക്രട്ടറി തുടങ്ങി വിവിധ തലങ്ങളിൽ സേവനം ചെയ്തട്ടുണ്ട്.
അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളെ ഏകോപിപ്പിക്കുന്നതിനായി, സിനഡ് തീരുമാന പ്രകാരം 1995 ൽ അമേരിക്കയിൽ എത്തിയ ഫാ. ജോസ് കണ്ടത്തിക്കുടി, തുടക്കത്തിൽ ചിക്കാഗോയിലെ വിശ്വാസികളെ ഏകോപിപ്പിക്കുന്നതിനു നേതൃത്വം നൽകി, തുടർന്നു ന്യൂ ജേഴ്സിയിലെയും, ന്യൂയോർക്കിലേയും വിവിധ സ്ഥലങ്ങളിലും സീറോ മലബാർ വിശ്വാസികളെ സംഘടിപ്പിക്കുകയും ഇടവകകൾ സ്ഥാപിക്കുകയും ചെയ്യ്തു.
2002 മാർച്ച് മാസം ന്യൂയോർക്കിലെ ബ്രോക്സിൽ സെൻറ് തോമസ് സീറോ മലബാർ ഇടവക സ്ഥാപിക്കുകയും, 2020ൽ റിട്ടയർ ആകുന്നതുവരെ ബ്രോങ്ക്സ് ഇടവക വികാരിയായി ശുശ്രുഷ ചെയ്യുകയും ചെയ്തു. ന്യൂയോർക്കിലും കണക്റ്റിക്കെട്ടിലും വിവിധ സ്ഥലങ്ങളിൽ സീറോ മലബാർ ഇടവകയും, മിഷനുകളും സ്ഥാപിക്കാനും ജോസച്ചൻ മുൻകൈ എടുത്തു. ഇക്കാലയളവിൽ കലശലായ വൃക്ക രോഗം പിടിപെടുകയും രണ്ടു പ്രാവശ്യം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കു വിധേയനാനുകയും ചെയ്തു. റിട്ടയർ ആയതിനുശേഷം നാട്ടിലും അമേരിക്കയിലുമായി വിശ്രമ ജീവിതം നയിച്ചുവന്ന ജോസച്ചൻ, 2024 ഡിസംബർ 21ന് ന്യൂയോർക്കിൽ അന്തരിച്ചു.
നാട്ടിലും അമേരിക്കയിലുമായി അമ്പത്തിയഞ്ചു വർഷക്കാലം വിശ്വാസികൾക്കായി ശുശ്രൂഷ ചെയ്യുകയും, അമേരിക്കയിലെ സിറോ മലബാർ സമൂഹം കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ സംഭാവനകൾ നൽകുകയും ചെയ്ത, ഫാ. സ് കണ്ടത്തിക്കുടിയുടെ ധന്യയ ജീവിതം വരുംതലമുറയ്ക്ക് പ്രചോദനമാകും വിധം നിലനിർത്തുന്നതിനുവേണ്ടിയാണ് "ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷൻ" പ്രവർത്തിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : 914 330 6340
Kerala
തിരുവനന്തപുരം: സർക്കാർ അനുമതിയോ മറ്റു രേഖകളോ ഇല്ലാതെ കണ്ണൂരിൽ കിഫ്ബി ഏറ്റെടുത്തത് 2074 ഏക്കർ ഭൂമി. വ്യവസായ പാർക്കിന് എന്ന പേരിൽ സിഇഒയായിരുന്ന ഡോ.കെ.എം. ഏബ്രഹാമിന്റെ കത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് 1000 ഏക്കറിന് 2489 കോടി രൂപ നിരക്കിൽ 2074 ഏക്കർ ഭൂമി ഏറ്റെടുത്തത്. ഭൂമി ഏറ്റെടുപ്പിന് മന്ത്രിസഭയുടെ അംഗീകാരമോ ബജറ്റ് നിർദേശമോ വേണമെന്നിരിക്കേയാണ് ധനവകുപ്പിന്റെപോലും അനുമതിയില്ലാതെ ഇത്രയും ഭൂമി ഏറ്റെടുത്തത്.
കിഫ്ബിയുടെ പേരിൽ നടന്ന ഭൂമി കുംഭകോണത്തിലൂടെ സംസ്ഥാന സർക്കാരിനുണ്ടായ കോടികളുടെ നഷ്ടം വിജിലൻസിനെക്കൊണ്ട് അന്വേഷിപ്പിക്കാനാണ് സർക്കാർ ആലോചന. എന്നാൽ, അടുത്ത മന്ത്രിസഭയിൽ ചർച്ച ചെയ്ത ശേഷം മാത്രമാകും അന്തിമ തീരുമാനം. ഇക്കാര്യത്തിൽ സിആൻഡ് എജിയുടെ ഓഡിറ്റിംഗും സർക്കാർ പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ പിണറായി സർക്കാർ കിഫ്ബിയിൽ സിഎജി ഓഡിറ്റിംഗ് അനുവദിച്ചിരുന്നില്ല.
കണ്ണൂരിലെ ഇരിട്ടി, കോളാരി എന്നിവിടങ്ങളിലായി 1044 ഏക്കറും കൂടാളി, പട്ടാന്നൂർ, തലശേരി എന്നിവിടങ്ങളിലായി 1030 ഏക്കർ ഭൂമിയുമാണ് അനധികൃതമായി ഏറ്റെടുത്തത്. പാലക്കാട്ട് 470 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള അനുമതിയുടെ മറവിലായിരുന്നു വ്യവസായ എസ്റ്റേറ്റിന്റെ പേരിൽ ചില വൻകിടക്കാരെ സഹായിക്കാനുള്ള ഭൂമി ഏറ്റെടുക്കലുകൾ കിഫ്ബിയുടെ പേരിൽ നടത്തിയത്. മലയോര മേഖലയിലെ ചെങ്കുത്തായ ഈ ഭൂമി വ്യവസായ ആവശ്യങ്ങൾക്ക് ഉതകില്ലെന്നാണ് വിദഗ്ധ സമിതി റിപ്പോർട്ട്.
ക്രമവിരുദ്ധ ഭൂമി ഏറ്റെടുക്കലുകൾ ക്രമപ്പെടുത്താനായി കേന്ദ്ര സർക്കാരിന്റെ ഭവ്യ പദ്ധതിയിൽ വ്യവസായ എസ്റ്റേറ്റ് സ്ഥാപിക്കാനുള്ള അപേക്ഷ പോർട്ടൽ വഴി കിഫ്ബി സമർപ്പിച്ചു.
രണ്ടാം പിണറായി സർക്കാരിന്റെ അവസാനകാലത്താണ് വ്യവസായ എസ്റ്റേറ്റുകൾ സ്ഥാപിക്കാനുള്ള കേന്ദ്ര പദ്ധതിയിലേക്ക് അപേക്ഷ നൽകിയത്. ആറു വർഷത്തെ ഭൂമി ഏറ്റെടുക്കലിന്റെ പലിശ അടക്കം നൽകിയ ശേഷമായിരുന്നു ക്രമപ്പെടുത്താനുള്ള ത്വരിത നീക്കം.
എന്നാൽ, ഇവിടെയും തിരിച്ചടി ലഭിച്ചു. 1000 ഏക്കർ ഭൂമി 1000 കോടി രൂപ നിരക്കിൽ ഏറ്റെടുക്കാൻ മാത്രമേ ഭവ്യ സ്കീം വഴി കഴിയുമായിരുന്നുള്ളൂ. ഈ തുക ചെലവഴിക്കേണ്ട സ്ഥലത്താണ് 2489 കോടി ചെലവഴിച്ചത്.
വ്യവസായവകുപ്പിനു കീഴിലുള്ള കെഎസ്ഐഡിസി, കിൻഫ്ര എന്നിവരെ നോഡൽ ഏജൻസിയാക്കിയാണ് കിഫ്ബി ത്രികകക്ഷി കരാറിൽ 2020 ഓഗസ്റ്റ് 13ന് ഒപ്പുവച്ചത്. ഹഡ്കോയിൽനിന്ന് ഒൻപതു ശതമാനം പലിശനിരക്കിൽ വായ്പയെടുത്താണ് സർക്കാർ ചട്ടങ്ങളും നിയമങ്ങളും മറികടന്ന് ഭൂമി വാങ്ങിക്കൂട്ടിയത്.
ഒരു പ്രയോജനവും പദ്ധതിയും ഇല്ലാത്ത ഭൂമി വാങ്ങിക്കൂട്ടിയതു വഴി കഴിഞ്ഞ ആറു വർഷത്തിനിടെ പലിശ ഇനത്തിൽ മാത്രം സർക്കാരിന് കോടികളുടെ നഷ്ടമുണ്ടായതായും വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
കണ്ണൂരിലും പാലക്കാട്ടുമായി 5,366 ഏക്കർ ഭൂമി ഏറ്റെടുക്കാൻ 12,727 കോടി രൂപയാണ് ചെലവഴിച്ചത്. ഇതിൽ 40 ഏക്കർ ഒഴികെയുള്ളത് കിഫ്ബി ഡയറക്ടർ ബോർഡിന്റെ ശിപാർശ പ്രകാരമാണെന്നാണു കണ്ടെത്തൽ.
ഈ ഭൂമി വിൽപന നടത്തിയാൽ അഞ്ചിലൊന്നു തുക ലഭിക്കില്ലെന്നാണ് കിൻഫ്ര മൊഴി നൽകിയത്. അതായത്, വിപണിവിലയുടെ അഞ്ചിരട്ടി തുക പോലും അധികം നൽകി ഒരു പദ്ധതിയുടെയും പേരിൽ അല്ലാതെ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടി. ഇക്കാര്യത്തിൽ വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ വിദേശ ഇടപാടുകളോ മറ്റോ കണ്ടെത്തിയാൽ ഇഡിയും അന്വേഷണത്തിന് എത്താനുള്ള സാധ്യതയുണ്ട്.
Kerala
തിരുവനന്തപുരം: കിഫ്ബിയുടെ വിദേശവായ്പാ പദ്ധതിയായ മസാല ബോണ്ട് സ്വീകരിക്കുന്നതിനെ എതിർത്ത അന്നത്തെ ചീഫ് സെക്രട്ടറിയുടെയും ധന പ്രിൻസിപ്പൽ സെക്രട്ടറിയുടെയും വാദം തള്ളിയെന്നു രേഖ.
2019 ജനുവരി 17നു ചേർന്ന കിഫ്ബി ഡയറക്ടർ ബോർഡ് യോഗത്തിൽ ആഭ്യന്തരവിപണിയിൽ ലഭിക്കുന്ന വായ്പയേക്കാൾ ഉയർന്ന നിരക്കിൽ വിദേശത്തുനിന്നു മസാല ബോണ്ട് വായ്പ സ്വീകരിക്കുന്നതിനെ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസും ധനപ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന മനോജ് ജോഷിയും എതിർത്തിരുന്നു.
ബോണ്ട് വഴി കിഫ്ബിക്ക് 10 ശതമാനത്തിനു മുകളിൽ പലിശനിരക്കിൽ വായ്പ സ്വീകരിക്കുന്നതിനെ ഇരുവരും എതിർത്തു. എന്നാൽ, കിഫ്ബി സിഇഒ ഡോ. കെ. എം. ഏബ്രഹാം മസാല ബോണ്ടിനെ അനുകൂലിച്ചു.
മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും ധനമന്ത്രിയായിരുന്ന ഡോ.ടി.എം. തോമസ് ഐസക്കും ഉൾപ്പടെയുള്ളവർ മസാല ബോണ്ട് വഴി വായ്പ എടുക്കാൻ തീരുമാനിച്ച കിഫ്ബി ഡയറക്ടർ ബോർഡ് യോഗത്തിൽ പങ്കെടുത്തിരുന്നു.